കുവൈത്തിലെ ഇന്ത്യൻ ഹൗസിൽ വനിതകൾക്കായി പ്രത്യേക യോഗ പരിശീലനം

0
141

കുവൈത്ത്: ജൂൺ 21നുള്ള അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി കുവൈറ്റിലെ ഇന്ത്യൻ അംബാസഡറുടെ വസതിയായ ഇന്ത്യാ ഹൗസിൽ സ്ത്രീകൾക്കായി പ്രത്യേക യോഗ പരിശീലനം സംഘടിപ്പിച്ചു. പരിപാടിയിൽ വനിതാ അംബാസഡർമാർ, നിരവധി രാജ്യങ്ങളിലെ അംബാസഡർമാരുടെ ഭാര്യമാർ, പ്രാദേശിക യോഗ പരിശീലകർ എന്നിവർ പങ്കെടുത്തു. കുവൈറ്റിലും പ്രദേശത്തും യോഗയെ പ്രോത്സാഹിപ്പിക്കുന്നതിൽ നൽകിയ സംഭാവനകൾക്ക് ഇന്ത്യൻ രാഷ്ട്രപതി ഈയിടെ ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ ‘പത്മശ്രീ’ സമ്മാനിച്ച രാജകുടുംബാംഗമായ ഷെയ്ഖ എ ജെ സബാഹിൻ്റെ സാന്നിധ്യമായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. ഇന്ത്യ മുന്നോട്ടുവച്ച പ്രമേയത്തെ അടിസ്ഥാനമാക്കി 2014 ലാണ് ഐക്യരാഷ്ട്രസഭ ഏകകണ്ഠമായി ജൂൺ 21, അന്താരാഷ്ട്ര യോഗ ദിനമായി അംഗീകരിച്ചിരുന്നു. സൗഹൃദ രാജ്യമായ കുവൈറ്റ് ഉൾപ്പെടെ 177 രാജ്യങ്ങളാണ് ഇതിന് പിന്തുണ നൽകിയത്. എല്ലാ വർഷവും ജൂൺ 21 ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര യോഗ ദിനം, ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിനായുള്ള യോഗയുടെ പ്രയോജനങ്ങളെക്കുറിച്ചുള്ള ആഗോള അവബോധം പ്രോത്സാഹിപ്പിക്കുന്നു. കുവൈറ്റിലെ ഇന്ത്യൻ എംബസി ജൂൺ 21 ന് യോഗ പരിപാടി സംഘടിപ്പിക്കുമെന്ന് അറിയിച്ചു.