തിരുവനന്തപുരം:പേരൂർക്കടയിൽ ദളിത് യുവതി ബിന്ദുവിനോട് പോലീസ് അപമാനകരമായി പെരുമാറിയ സംഭവത്തിൽ സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പ്രതികരിച്ചു. ബിന്ദുവിനോട് അപമര്യാദയായി പെരുമാറിയ പോലീസുദ്യോഗസ്ഥരെതിരെ കർശന നടപടികൾ എടുക്കണമെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പ് ഇതിനകം സംഭവത്തിൽ ഉൾപ്പെട്ട എസ്.ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തുവെന്നും, രാത്രി സമയത്ത് സ്ത്രീകളെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ പാർപ്പിക്കാൻ അനുവാദമില്ലെന്നും ശൈലജ വ്യക്തമാക്കി. കേരള പോലീസ് ഒരു അന്തസ്സുറ്റ സേനയാണെങ്കിലും, ചില പോലീസുകാരുടെ ഇത്തരം പ്രവൃത്തികൾ മൊത്തം സേനയ്ക്ക് അപമാനം വരുത്തുന്നുവെന്നും അവർ ആരോപിച്ചു.കുട്ടികളെ പോറ്റാൻ പാടുപെടുന്ന ബിന്ദുവിനെതിരെ കള്ള പരാതി നൽകിയവർ മാപ്പ് പറയണമെന്നും, സർക്കാർ ബിന്ദുവിനോടപ്പം ഉറച്ചുനിൽക്കുമെന്നും ശൈലജ ഊന്നിപ്പറഞ്ഞു.































