ചാവക്കാട് ദേശീയപാതയിൽ ടാറിട്ട ഭാഗത്ത് വിള്ളൽ; റിപ്പോർട്ട് തേടി തൃശൂർ ജില്ലാ കളക്ടർ

0
107

തൃശ്ശൂർ: ചാവക്കാട് മണത്തലയിൽ ദേശീയപാത 66-ലെ മേൽപ്പാലത്തിന്റെ റോഡിൽ ടാറിട്ട ഭാഗത്ത് വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി തൃശ്ശൂർ ജില്ലാ കളക്ടർ. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ദേശീയപാത അധികൃതരോടും പോലീസിനോടും റിപ്പോർട്ട് നേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

ഗുരുമന്ദിരത്തിന് മുന്നിൽ നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിന്റെ റോഡിൽ ഏകദേശം അമ്പത് മീറ്റർ നീളത്തിൽ റോഡ് വിള്ളിക്കീറിയിരിക്കുന്നു. ടാറിട്ടിരുന്നെങ്കിലും ഈ ഭാഗത്ത് വാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. കോൺക്രീറ്റ് ഭിത്തി തയ്യാറാക്കി മണ്ണുനിറച്ചാണ് ഇവിടെ റോഡ് ടാറിട്ടിരിക്കുന്നത്. ഇവിടെയാണ് വിള്ളൽ ഉണ്ടായത്. നിർമാണത്തിലിരുന്ന റോഡിന് വിള്ളൽ കണ്ടതിന് ശേഷം സർവീസ് റോഡിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഇപ്പോൾ വാഹനങ്ങൾ ഈ സർവീസ് റോഡിലൂടെയാണ് കടത്തിവിടുന്നത്. ക്വാറി വേസ്റ്റ് ഉപയോഗിച്ച് താത്കാലികമായി വിള്ളൽ അടയ്ക്കാൻ കരാർ കമ്പനി ശ്രമിച്ചിട്ടുണ്ടെങ്കിലും, ഇത്തരം പരിഹാരം പ്രായോഗികമല്ലെന്നും പൊളിച്ചുപണിയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ച യുഡിഎഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. റോഡ് വിള്ളിക്കീറിയ സംഭവത്തിൽ ദേശീയപാത അതോറിറ്റിയോടും പോലീസിനോടും തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.