തിരുവനന്തപുരം: സ്മാർട്ട് റോഡ് ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് ആരോഗ്യപരമായ കാരണങ്ങളാലാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധവുമാണെന്ന് കുറിപ്പിൽ വ്യക്തമാക്കി.മേയ് 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ മൂലം ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികൾ റദ്ദാക്കിയിരുന്നു. കാലവർഷ മുൻകരുതലുമായി ബന്ധപ്പെട്ട പുനരവലോകന യോഗം, സ്മാർട്ട് റോഡ് ഉദ്ഘാടനം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിപാടി എന്നിവയായിരുന്നു റദ്ദായത്. ഈ വിവരം മാധ്യമങ്ങൾ അന്ന് വിവരമായി പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ പിന്നീട്, മറ്റെന്തോ കാരണങ്ങൾ കൊണ്ടാണ് റോഡ് ഉദ്‌ഘാടന പരിപാടിയിൽ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടി വിജയകരമായി മുന്നേറുമ്പോൾ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായോ മുഖ്യമന്ത്രിയുമായോ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.































