നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

0
98

തിരുവനന്തപുരം:നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇതോടെ നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടം ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.

1967-ലാണ് നിലമ്പൂരിൽ സിപിഐ(എം) പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചത്. നിലമ്പൂർ മണ്ഡലം രൂപീകരിച്ചത് 1965-ലാണ്. മഞ്ചേരി മണ്ഡലം വിഭജിച്ചാണ് നിലമ്പൂർ മണ്ഡലം ഉണ്ടാക്കിയത്. ആദ്യ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചത് സിപിഐ(എം) നേതാവ് കുഞ്ഞാലിയായിരുന്നു. 1967-ലും കുഞ്ഞാലി വിജയം നേടി. പിന്നീട് സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തിയുള്ള പരീക്ഷണമാണ് സിപിഐ(എം) തുടർന്നത്.

സ്വരാജിന് നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നാം ഊഴമാണ്. രണ്ട് തവണ തൃപ്പൂണിത്തുറയിൽ നിന്ന് മത്സരിച്ചു. ഒരു തവണ എംഎൽഎയായി. നിലമ്പൂരിലെ പോത്തുകൽ സ്വദേശിയാണ് എം. സ്വരാജ്. തൃപ്പൂണിത്തുറയിൽ 2016-ൽ കെ. ബാബുവിനെ പരാജയപ്പെടുത്തി വിജയിച്ചു. പിന്നീട് 2021-ൽ കെ. ബാബുവിനോട് നിസ്സാര വോട്ട് വ്യത്യാസത്തിൽ പരാജയപ്പെട്ടു.