കുവൈറ്റിൽ ഹിസ്ബുള്ളയുമായി ബന്ധമുള്ള സംഘം പിടിയിൽ; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു

0
20

കുവൈറ്റ് സിറ്റി: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന നിരോധിത സംഘടനയായ ഹിസ്ബുള്ളയുടെ തീവ്രവാദ സെല്ലിനെ ആഭ്യന്തര മന്ത്രാലയം തകർത്തു. തീവ്രമായ നിരീക്ഷണങ്ങൾക്കൊടുവിൽ സുരക്ഷാ ഏജൻസികൾ നടത്തിയ നീക്കത്തിലാണ് സംഘം വലയിലായത്. 14 കുവൈത്ത് പൗരന്മാരും രണ്ട് ലെബനൻ സ്വദേശികളും ഉൾപ്പെടുന്നതാണ് ഈ സംഘമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തെ തകർക്കാനും സുരക്ഷ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടുള്ള അട്ടിമറി പ്രവർത്തനങ്ങൾക്കായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. തോക്കുകൾ, വെടിയുണ്ടകൾ, കൊലപാതകങ്ങൾക്ക് ഉപയോഗിക്കുന്ന പ്രത്യേക ആയുധങ്ങൾ, എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ ഉപകരണങ്ങൾ, മോഴ്സ് കോഡ് ഉപകരണങ്ങൾ, ഡ്രോണുകൾ, മാപ്പുകൾ എന്നിവ സുരക്ഷാ സേന പിടിച്ചെടുത്തു. കൂടാതെ മയക്കുമരുന്നുകൾ, പരിശീലനത്തിന് ഉപയോഗിക്കുന്ന ആയുധങ്ങൾ, ഭീകര സംഘടനകളുടെ പതാകകൾ, ചിത്രങ്ങൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. കുവൈത്ത് പൗരന്മാരെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാനും ഇവർ ശ്രമിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.