കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമഗതാഗതം പുനരാരംഭിക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ഷെയ്ഖ് ഹുമൂദ് മുബാറക് അൽ-സബാഹ് അറിയിച്ചു. അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് തീരുമാനം. ഇറാൻ ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ വിലയിരുത്തൽ പൂർത്തിയായതോടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിരിക്കുകയാണ്. ഘട്ടംഘട്ടമായ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ പരിമിത സർവീസുകൾ മാത്രമുണ്ടാകും. ഓരോ ഘട്ടവും വിലയിരുത്തിയ ശേഷം വിപുലീകരിക്കും.
പ്രതിസന്ധിക്കാലത്ത് സഹകരിച്ച സൗദി അറേബ്യയെയും ജിസിസി രാജ്യങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പ്രവർത്തനങ്ങൾ പുനസ്ഥാപിക്കാൻ സർക്കാർ ഏജൻസികളും ജീവനക്കാരും നൽകിയ പിന്തുണയും അദ്ദേഹം പ്രശംസിച്ചു. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് ഫെബ്രുവരി 28-നാണ് വ്യോമപാത അടച്ചിരുന്നത്.






























