കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്സ് ഏപ്രിൽ 26 ഞായറാഴ്ച മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ (T4) വഴി 17 രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചു. ലണ്ടൻ, ഇസ്താംബൂൾ, ലാഹോർ, ധാക്ക, മുംബൈ, തിരുവനന്തപുരം, ചെന്നൈ, കൊച്ചി, ഡൽഹി, മനില, കെയ്‌റോ, റിയാദ്, ജിദ്ദ, കൊളംബോ, ഗ്വാങ്‌ഷൂ, ബെയ്റൂത്ത്, ഡമാസ്കസ് എന്നിവയാണ് ലക്ഷ്യസ്ഥാനങ്ങൾ.
ലണ്ടൻ, റിയാദ്, മുംബൈ, തിരുവനന്തപുരം, ചെന്നൈ, കൊച്ചി, ഡൽഹി, മനില എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതം ഉണ്ടായിരിക്കും. കെയ്‌റോയിലേക്ക് ദിവസേന സർവീസ് ഉണ്ടാകും. ജിദ്ദയും ധാക്കയിലേക്കും ആഴ്ചയിൽ നാല് സർവീസുകൾ വീതവും, ബെയ്റൂത്ത്, ഡമാസ്കസ്, ലാഹോർ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾ വീതവും ഉണ്ടായിരിക്കും. ഇസ്താംബൂൾ, ഗ്വാങ്‌ഷൂ, കൊളംബോ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ ഒരു സർവീസ് വീതമാണ് നിശ്ചയിച്ചിരിക്കുന്നത്.
സർവീസുകളുടെ പുനരാരംഭം പ്രവർത്തനക്ഷമത വർധിപ്പിക്കുകയും യാത്രക്കാരുടെ സേവനനില മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സൗകര്യത്തിനും മികച്ച സേവനത്തിനും കമ്പനി പ്രാധാന്യം നൽകുന്നതായും വ്യക്തമാക്കി.
സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന്റെ പിന്തുണയും സഹകരണവും പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സഹായിച്ചതായി അധികൃതർ പറഞ്ഞു.






























