കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ 2 നിർമ്മാണ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി

0
8

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമ്മാണം പുരോഗമിക്കുന്ന അത്യാധുനിക ടെർമിനൽ 2 പദ്ധതി പ്രദേശം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ് സന്ദർശിച്ചു. ടെർമിനലിൽ വെച്ച് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു മന്ത്രിമാരുടെ സംഘത്തോടൊപ്പം പ്രധാനമന്ത്രി നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തിയത്.

പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സലേം അൽ-സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ മുഹമ്മദ് അൽ-മിശാൻ, സിവിൽ ഏവിയേഷൻ ചെയർമാൻ ശൈഖ് ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-ജാബർ അൽ-സബാഹ്, പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർ പദ്ധതിയുടെ നിലവിലെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നൽകി. പാസഞ്ചർ ടെർമിനൽ, അനുബന്ധ സർവീസ് കെട്ടിടങ്ങൾ, പാർക്കിംഗ് സൗകര്യങ്ങൾ, റോഡുകൾ, വിമാനങ്ങൾ നിർത്തിയിടുന്നതിനുള്ള റൺവേകൾ, ടാക്സിവേകൾ എന്നിവയടങ്ങുന്ന പദ്ധതിയുടെ മൂന്ന് പ്രധാന ഘട്ടങ്ങളെക്കുറിച്ചും വിശദമായ വിലയിരുത്തൽ നടന്നു.

രാജ്യത്തിന്‍റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന സുപ്രധാന പദ്ധതിയാണ് ടി-2 ടെർമിനൽ എന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിലെ തടസ്സങ്ങൾ നീക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കാൻ എല്ലാ സർക്കാർ വകുപ്പുകളും പൊതുമരാമത്ത് മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി. പദ്ധതി പൂർത്തിയാകുന്നതോടെ കുവൈത്തിന്‍റെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.