ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കം; ഇന്ത്യൻ വംശജൻ സഹതാമസക്കാരനെ കൊലപ്പെടുത്തി

മനാമ: ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇന്ത്യൻ സ്വദേശിയായ 32 കാരൻ സഹതാമസക്കാരനെ കുത്തിക്കൊലപ്പെടുത്തി. സൽമാനിയക്ക് സമീപമായിരുന്നു സംഭവം. 23 വയസുകാരനായ യുവാവാണ് കൊലചെയ്യപ്പെട്ടത്. പ്രതിയായ ഇന്ത്യൻ വംശജൻ പാകംചെയ്ത ഭക്ഷണം രുചികരമല്ലെന്നും അളവിൽ കുറവാണെന്നും പറഞ്ഞ് ഇരുവർക്കുമിടയിൽ തർക്കം ഉടലെടുത്തു. തുടർന്ന് സഹതാമസക്കാരൻ ഇന്ത്യൻ വംശജനോട് വീണ്ടും ഭക്ഷണമുണ്ടാക്കാൻ ആവശ്യപ്പെടുകയും അല്ലാത്തപക്ഷം കൂട്ടുകാരുമായി വന്ന് ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തെ തുടർന്നുണ്ടായ വ്യക്തിവൈരാഗ്യം ആണ് കൊലപാതകത്തിൽ കലാശിച്ചത്.

അന്വേഷണസംഘത്തോട് കുറ്റം സമ്മതിച്ച് പ്രതി, മരിച്ച യുവാവും സുഹൃത്തുക്കളും തന്നെ ആക്രമിച്ചു എന്നും തുടർന്നാണ് താൻ കത്തി ഉപയോഗിച്ച് യുവാവിൻറെ നെഞ്ചിൽ കുത്തിയതെന്നും പറഞ്ഞു. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ചാണ് പോലീസ് പിടികൂടിയത്.

മുൻകൂട്ടി നിശ്ചയിച്ച് അല്ല കൊലപാതകം നടത്തിയതെന്ന് പ്രതി ക്രിമിനൽ കോടതി മുൻപാകെ പറഞ്ഞു.