കുവൈത്ത് സിറ്റി: ഇൻസ്റ്റഗ്രാം വഴി ഗാർഹിക തൊഴിലാളികളെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് 25-ലധികം കുവൈത്ത് പൗരന്മാരിൽ നിന്ന് പണം തട്ടിയ കേസിൽ ഏഷ്യൻ യുവതിയെ മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ലൈസൻസുള്ള റിക്രൂട്ട്മെന്റ് സ്ഥാപനമായി നടിച്ച് ഗാർഹിക തൊഴിലാളികളെ അന്വേഷിക്കുന്നവരുമായി യുവതി ബന്ധപ്പെടുകയും തൊഴിലാളികളുടെ ചിത്രങ്ങളും വ്യാജ കരാറുകളും അയയ്ക്കുകയും ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് 300 മുതൽ 500 കുവൈത്തി ദിനാർ വരെ അഡ്വാൻസ് വാങ്ങിയ ശേഷം പരാതിക്കാരുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു.
പണം അയച്ചതിന് പിന്നാലെ തങ്ങളെ ബ്ലോക്ക് ചെയ്തതായി തിരിച്ചറിഞ്ഞ നിരവധി പേർ മുബാറക് അൽ-കബീർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനെ തുടർന്ന് സൈബർ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയിൽ നിന്ന് നാല് മൊബൈൽ ഫോണുകളും തട്ടിപ്പിന് ഉപയോഗിച്ചതായി കരുതുന്ന നിരവധി സിം കാർഡുകളും പിടിച്ചെടുത്തു. ഗാർഹിക തൊഴിലാളികൾക്ക് ഉയർന്ന ആവശ്യകതയുള്ള സാഹചര്യം മുതലെടുത്ത് വിപണി നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ സേവനം വാഗ്ദാനം ചെയ്ത് ആളുകളെ കുടുക്കിയതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും അധികൃതർ അറിയിച്ചു.































