അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻതോതിൽ മയക്കുമരുന്ന് പിടികൂടി

0
9

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമം. ഈജിപ്തിൽ നിന്നും കടത്തിയ മയക്കുമരുന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ടെർമിനൽ 5) കസ്റ്റംസ് ഉദ്യോഗസ്ഥർ വിജയകരമായി പിടികൂടുകയായിരുന്നു. പതിവായി നടത്തുന്ന യാത്രാ പരിശോധനകൾക്കിടയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. വിമാനമിറങ്ങിയ ഒരു യാത്രക്കാരന്റെ ലഗേജിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.

സംശയത്തെ തുടർന്ന് ഇയാളുടെ ബാഗുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോഴിയിറച്ചിക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ മെത്താംഫെറ്റാമൈൻ (ക്രിസ്റ്റൽ മെത്ത്) എന്ന മാരക മയക്കുമരുന്ന് കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെടുന്നതിനായി തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രതി മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്ന് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് സുരക്ഷിതമായി കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഔദ്യോഗിക റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും തുടർ നടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിന് കൈമാറുമെന്നും കസ്റ്റംസ് വ്യക്തമാക്കി.

അതിർത്തികളിലെയും വിമാനത്താവളങ്ങളിലെയും കസ്റ്റംസ് പരിശോധനാ സംഘത്തിന്റെ ജാഗ്രതയും, ലഹരിക്കടത്തുകാരുടെ എത്ര പുതിയ തന്ത്രങ്ങളും കണ്ടെത്താനുള്ള അവരുടെ കഴിവും തെളിയിക്കുന്നതാണ് ഈ വിജയകരമായ ഇടപെടലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.