പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ കോടതി

0
24

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫോർത്ത് റിംഗ് റോഡിൽ ഏഷ്യൻ വംശജയായ സ്ത്രീ വാഹനാപകടത്തിൽ മരിച്ച കേസിൽ രണ്ട് പ്രതികളെയും കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധി കുവൈത്ത് അപ്പീൽ കോടതി ശരിവെച്ചു. പ്രതികൾക്കെതിരെ ചുമത്തിയ നരഹത്യാ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. പ്രതികളുടെ ഭാഗത്തുനിന്ന് അശ്രദ്ധയോ വീഴ്ചയോ ട്രാഫിക് നിയമങ്ങളുടെ ലംഘനമോ ഉണ്ടായതായി വ്യക്തമാക്കുന്ന മതിയായ തെളിവുകൾ കേസ് ഫയലിൽ ഇല്ലെന്ന് അപ്പീൽ കോടതി നിരീക്ഷിച്ചു.

നരഹത്യാ കുറ്റം സ്ഥാപിക്കാൻ ആവശ്യമായ ‘കുറ്റകരമായ വീഴ്ച’ എന്ന പ്രധാന ഘടകം തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. അപകടത്തിൽപ്പെട്ട സ്ത്രീ കാൽനടയാത്രക്കാർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് കൂടിയല്ലാതെ പ്രധാന ഹൈവേ മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ലഭ്യമായ തെളിവുകളും സാക്ഷിമൊഴികളും വ്യക്തമാക്കുന്നു. പ്രതികളുടെ ഭാഗത്തുനിന്നുണ്ടായ ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധയോ നിയമലംഘനമോ മൂലമാണ് ഈ ദാരുണമായ അപകടം സംഭവിച്ചതെന്ന് സമർത്ഥിക്കാൻ യാതൊരു തെളിവുമില്ലെന്നും കോടതി വിലയിരുത്തി