കുവൈറ്റ് സിറ്റി : കുവൈത്തിലെ വിവിധ മേഖലകളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപക ട്രാഫിക് സുരക്ഷാ പരിശോധനയിൽ 67 നിയമലംഘനങ്ങൾ കണ്ടെത്തുകയും 62 വാഹനങ്ങളും ഒരു മോട്ടോർസൈക്കിളും പിടിച്ചെടുക്കുകയും ചെയ്തു.
ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അപകടകരമായ ഡ്രൈവിംഗ് രീതികൾ നിയന്ത്രിക്കുന്നതിനുമായാണ് പരിശോധന നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
അനധികൃതമായി ഓവർടേക്ക് ചെയ്യൽ, റോഡ് മാർക്കിംഗുകൾ പാലിക്കാതിരിക്കൽ, അമിതവേഗം, ടേൺ സിഗ്നൽ ഉപയോഗിക്കാതിരിക്കൽ, നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യൽ തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളം ഫീൽഡ് പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അപകടകരവും തെറ്റായതുമായ ഡ്രൈവിംഗ് രീതികൾ കുറച്ച് റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ശക്തമായ പരിശോധനകളുടെ ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.
































