ചെന്നൈ: തമിഴ് താരം വിജയ് യുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന നെയ് വേലി എൻഎൽസിയുടെ കവാടത്തിന് മുന്നിലാണ് ബിജെപിക്കാർ പ്രതിഷേധവുമായെത്തിയത്. ഫോസിൽ ഫ്യുയൽ മൈനിങ് പൊതുമേഖലാ സ്ഥാപനമാണ് എൻഎൽസി. സിനിമയുടെ ഷൂട്ടിംഗ് സ്ഥാപനത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അടക്കം നൂറുകണക്കിന് ആളുകളാണ് എൻഎൽസിയിലെ ചിത്രീകരണ സ്ഥലത്തുള്ളത്. ഇവിടെ മൈനിംഗ് നടക്കുന്ന നൂറേക്കർ സ്ഥലത്താണ് ഷൂട്ടിംഗ്. ഇതിനെതിരെയാണ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. രണ്ട് ദിവസം മുമ്പ് ഇതേ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലർച്ചെ താരം തിരിച്ചെത്തിയതോടെയാണ് ചിത്രീകരണം പുനഃരാരംഭിച്ചത്. ഇതിനിടെയാണ് ബിജെപിയുടെ പ്രതിഷേധം. വിജയുടെതായി അവസാനം പുറത്തിറങ്ങിയ ബിഗിൽ എന്ന ചിത്രത്തിന്റെ നിർമാണക്കമ്പനിയുമായി ബന്ധപ്പെട്ട ചില നികുതി വെട്ടിപ്പുകളുടെ പേരിലാണ് താരത്തെ ചോദ്യം ചെയ്തതെന്നാണ് അറിവ്