കൊറോണ മുന്നറിയിപ്പ് ആദ്യം നൽകിയ ഡോക്ടർ കൊറോണ ബാധിച്ച് മരിച്ചു

0
7

ബീജിംഗ്: കൊറോണ വൈറസിനെക്കുറിച്ച് ഏറ്റവുമാദ്യം സൂചനകൾ നൽകിയ ഡോക്ടർ കൊറോണ ബാധിച്ച് മരിച്ചു. വുഹാനിലെ ഡോക്ടറായ ലീ വെൻലിയാംഗ് (34) ആണ് പുലർച്ചെ ഒരു മണിയോടെ മരിച്ചത്. ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള ഒരു മാധ്യമമാണ് ലീയുടെ മരണ വാർത്ത പുറത്തു വിട്ടത്.

ചൈനയിലെ ഒരു സമൂഹമാധ്യമ ആപ്പിലെ കോളജ് പൂർവ വിദ്യാർഥി ഗ്രൂപ്പിലായിരുന്നു ലീ ഒരു പുതിയതരം വൈറസിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. വുഹാനിലെ മത്സ്യ-മാംസ ചന്തയിൽ ജോലി ചെയ്യുന്ന കുറച്ച് ആളുകളിൽ ഒരു പുതിയ തരം വൈറസിനെ കണ്ടെത്തിയെന്നും മുൻപ് നിരവധി മരണങ്ങള്‍ക്ക് കാരണമായ സാർസിന് കാരണമായ കൊറോണ വൈറസിന് സമാനമാണ് പുതിയ വൈറസ് എന്നുമായിരുന്നു സന്ദേശം.

ഒരു സ്വകാര്യ ഗ്രൂപ്പിലയച്ച സന്ദേശം ലീക്കായതോടെ ഡോക്ടര്‍ക്കെതിരെ ചൈനീസ് അധികൃതർ രംഗത്തെത്തിയിരുന്നു. വ്യാജ പ്രചരണം ആരോപിച്ച് ലീയെ അധികൃതർ പീഡിപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ വന്നതും വിവാദം ഉയർത്തിയിരുന്നു.