പ്രവാസി ക്ഷേമപദ്ധതികളുമായി കേരള ബജറ്റ്; മടങ്ങി വരുന്ന പ്രവസികള്‍ക്കും പരിഗണന

0
7
Issac

തിരുവനന്തപുരം: പ്രവാസി ക്ഷേമത്തിനും പ്രവാസ ജീവിതം മതിയാക്കി മടങ്ങിവരുന്നവർക്കും ഒരു പോലെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി കേരള ബജറ്റ് 2020. പ്രവാസി വകുപ്പിന് 90 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെക്കാൾ മൂന്നിരട്ടി വർധനവ്. പ്രവാസം അവസാനിപ്പിച്ച് മടങ്ങി വരുന്നവർക്കും ബജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.

പ്രവാസികൾക്ക് കേന്ദ്ര ബജറ്റിലുണ്ടായ അവഗണന വിമർശിച്ചു കൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് കേരളബജറ്റിലെ പ്രവാസി ആനുകൂല്യ പദ്ധതികൾ പ്രഖ്യാപിച്ചത്. പ്രവാസികളുടെ സാന്ത്വനം പദ്ധതിക്കായി 27 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം സഹായം ലഭിക്കാനുള്ള കുടുംബ വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് ഒന്നര ലക്ഷം രൂപയാക്കി ഉയര്‍ത്തി.

പ്രവാസികളുടെ സമ്പാദ്യ സമാഹരണവും ക്ഷേമവും മുൻനിർത്തി ആരംഭിച്ച പ്രവാസി ഡിവിഡന്റും പ്രവാസി ചിട്ടിയും 2020-21 വര്‍ഷത്തില്‍ പൂര്‍ണ പ്രവര്‍ത്തനപഥത്തിലെത്തും. പ്രവാസി ഡിവിഡന്റ് പദ്ധതിയില്‍ നിക്ഷേപത്തിന് 10 ശതമാനം പ്രതിമാസ ഡിവിഡന്റ് സര്‍ക്കാര്‍ സബ്‍സിഡിയോടെ ഗ്യാരന്റി ചെയ്തിട്ടുണ്ട്. പ്രവാസി ചിട്ടിയില്‍, ചിട്ടിയുടെ ആനുകൂല്യങ്ങള്‍ക്കൊപ്പം ഇന്‍ഷുറന്‍സിന്റെയും പെന്‍ഷന്റെയും ആനുകൂല്യങ്ങള്‍ കൂടി ഉറപ്പാക്കും

മറ്റ് പ്രഖ്യാപനങ്ങൾ

നോര്‍ക്കയുടെ കീഴില്‍ സ്ഥാപിക്കുന്ന ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് രണ്ട് കോടി

വിദേശജോലികൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ജോബ് പോർട്ടൽ സമഗ്രമാക്കാൻ 2 കോടി

നഴ്സുമാര്‍ക്ക് വിദേശ ജോലിക്ക് ക്രാഷ് ഫിനിഷിങ് കോഴ്സിന് അഞ്ച് കോടി

ലീഗൽ എയ്ഡ് സെല്ലിന് 3 കോടി ( 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ് ലൈനും ബോധവത്കരണവും ഉള്‍പ്പെടും)

എയര്‍പോര്‍ട്ട് ആംബുലന്‍സിനും എയര്‍പോര്‍ട്ട് ഇവാക്വേഷനും വേണ്ടി 1.5 കോടി

ലോക കേരള സഭയ്ക്കും ലോക സാംസ്കാരിക മേളയ്ക്കും കൂടി 12 കോടി