ഉദുമയില്‍ ഇടത്‌പക്ഷത്തിന്‌ പ്രതീക്ഷ നല്‍കി പള്ളിക്കര പഞ്ചായത്തിൽ മുസ്ലിം ലീഗിലെ പടലപ്പിണക്കം

കാസര്‍ഗോഡ്‌: ഉദുമ നിയോജകമണ്ഡലത്തില്‍‌ മുസ്ലീം ലീഗിന്‌ തീരാ തലവേദനയായി പള്ളിക്കര പഞ്ചായത്തിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്നിട്ടും നിലവില്‍ നേതൃത്വവും പ്രവര്‍ത്തകരും തമ്മില്‍ നിലനില്‍ക്കുന്ന തമ്മിലടി വന്‍ പ്രതിസന്ധിയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കഴിഞ്ഞ പഞ്ചായത്ത്‌ ഇലക്ഷനില്‍ പഞ്ചായത്ത്‌ ഭരണം ഇടതുമുന്നണിയില്‍ നിന്ന്‌ തിരികെ പിടിക്കാമെന്ന പ്രതീക്ഷയായിരുന്നു പാർട്ടിയിലുണ്ടായിരുന്നതെങ്കിലും പ്രതീക്ഷകള്‍ അസ്ഥാനത്തായി ഇവിടെ നിന്നാണ്‌ പ്രശ്‌നങ്ങള്‍ മറനീക്കി പുറത്ത്‌ വന്നതും. ലീഗിന്റെ സ്ഥിരം വാര്‍ഡായിരുന്ന മൂന്നാം വാര്‍ഡ്‌ അവര്‍ക്ക്‌ നഷ്ടപ്പെട്ടു, എന്നുമാത്രമല്ല ബേക്കലിലെ ഒന്നും രണ്ടും വാര്‍ഡുകളില്‍ ഭൂരിപക്ഷം വലിയരീതിയില്‍ കുറഞ്ഞു. ലീഗ്‌ പഞ്ചായത്ത്‌ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ വാര്‍ഡായ
പള്ളിപ്പുഴ വാര്‍ഡില്‍ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. തുടര്‍ന്ന്‌ പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. പഴയകാല നേതാക്കളെ പുതിയ നേതൃത്വം ഒതുക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്‌. പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ ലീഗ്‌ പഞ്ചായത്ത്‌ കമ്മറ്റി രാജിവച്ചു. മൂന്ന്‌ മാസത്തോളമായി ഇവിടെ പഞ്ചായത്ത്‌ ലീ്‌ഗിന്‌ നേതൃത്വമില്ല. തെരഞ്ഞെടുപ്പടുത്ത സമയത്തും ഇവിടത്തെ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ നേതൃത്വം സന്നദ്ധമായിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌. മുസ്ലീം ലീഗ്‌ ജില്ലാ ട്രഷറര്‍ മായി്‌ന്‍ ഹാജിയാണ്‌ പ്രശ്‌നം കൂടുതല്‍ വഷളാക്കിയതെന്ന അഭിപ്രായവും പ്രവര്‍ത്തകര്‍ക്കിടിയിലുണ്ട്‌. ബഹുഭൂരിഭാഗം അണികളുടെയും ഈ അസംതൃപ്‌തി വരുന്ന തെരഞ്ഞെടുപ്പില്‍ ഇടത്‌ മുന്നണിക്ക്‌ അനുകൂലമാകും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

കഴിഞ്ഞ മൂന്ന്‌ മാസ്‌മായുള്ള പഞ്ചായത്ത്‌ ലീഗിന്റെ്‌ നേതൃത്വപ്രശ്‌നം പരിഹരിക്കാതെ ഏകപക്ഷീയമായി അഡ്‌ഹോക്ക്‌ കമ്മറ്റി രൂപീകരിച്ചു. എന്നാല്‍ ഈ 9 അംഗ കമ്മറ്റിയിലെ 6 പേരും ബഹിഷ്‌ക്കരിച്ചത്‌ നേതാക്കള്‍ക്ക്‌ വന്‍ തിരിച്ചടിയായി. ആരോപണ വിധേയനായ പഞ്ചായത്ത്‌ ലീഗ്‌ മുന്‍പ്രസിഡന്റിനെ പഞ്ചായത്ത്‌ യുഡിഎഫ്‌ ചെയര്‍മാനാക്കിയതിലും പ്രവര്‍ത്തകര്‍ക്ക്‌ കടുത്ത അമര്‍ഷമുണ്ട്‌. അടിയന്തരമായി കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത്‌ പുതിയ കമ്മറ്റി എടുക്കണം എന്നാണ്‌ ഭൂരിഭാഗം പ്രവര്‍ത്തകരുടെയും ആവശ്യം എന്നാല്‍ നേതൃത്വം ഇത്‌ ചെവിക്കൊണ്ടതായി നടിക്കുന്നില്ല.