മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി ഉയർന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി ഉയർന്നു. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം.

സെക്കന്‍റിൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് ഇപ്പോൾ കൊണ്ടുപോകുന്നത്. എന്നാൽ നേരത്തെ 900 ഘനയടി വെള്ളം കൊണ്ടുപോയിരുന്നു. തേനി ജില്ലയിലെ വൈഗയിലാണ് മുല്ലപ്പെരിയാറിൽ നിന്ന് കൊണ്ടുപോകുന്ന വെള്ളം സംഭരിക്കുന്നത്. അവിടെ ജലനിരപ്പ് 69.5 അടി പിന്നിട്ടതോടെയാണ് തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിൻ്റെ അളവ് കുറച്ചത്. 71 അടി മാത്രമാണ് വൈഗയുടെ പരമാവധി സംഭരണ ശേഷി.