കുവൈത്ത് സിറ്റി : കുവൈത്തിൽ ആറ് പേരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വ്യാപാരത്തിനെതിരെ രാജ്യത്തുടനീളം ശക്തമായ സുരക്ഷാ നടപടികളുടെ ഭാഗമായാണ് നാല് വ്യത്യസ്ത കേസുകളിലായി പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് വൻതോതിൽ നിരോധിത വസ്തുക്കളും ലഹരിമരുന്നുകളും പിടിച്ചെടുത്തു. മൂന്ന് കിലോഗ്രാം കഞ്ചാവ്, മൂന്ന് ലിറ്റർ ഹാഷിഷ് ഓയിൽ, 550 ഗ്രാം മെതാംഫെറ്റാമിൻ, 260 ഗ്രാം ഹെറോയിൻ, 100 ഗ്രാം ഹാഷിഷ് എന്നിവയാണ് പ്രധാനമായി പിടിച്ചെടുത്തത്. ഇതിനുപുറമേ, അഞ്ച് ഡിജിറ്റൽ സ്കെയിലുകൾ, രണ്ട് ഷീറ്റ് രാസവസ്തുക്കൾ, മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായി തയ്യാറാക്കിയ നിരവധി ഒഴിഞ്ഞ പാക്കറ്റുകളും പൊലീസ് കണ്ടെടുത്തു.
പിടികൂടിയ പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി. ലഹരി മാഫിയകൾക്കെതിരെയുള്ള പരിശോധനകൾ കർശനമായി തുടരുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.






























