സലാം കളനാട് രചിച്ച മടക്കപ്രവാസം പുസ്തക ചർച്ച സംഘടിപ്പിച്ചു

0
12

ദുബായ്: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്ത കുവൈത്ത് പ്രവാസിയും കാസർഗോഡ് കളനാട് സ്വദേശിയുമായ സലാം കളനാട് രചിച്ച മടക്കപ്രവാസം എന്ന കവിത സമാഹാരത്തിന്റെ പുസ്തക ചർച്ച ദുബായ് കെഎംസിസി ഹാളിൽ സംഘടിപ്പിച്ചു. കാസർഗോഡിന്റെ എഴുത്തുകാരൻ റാഫി പള്ളിപ്പുറം അധ്യക്ഷതയിൽ ദുബായ് കെഎംസിസി കാസർഗോഡ് ജില്ല ജനറൽ സെക്രട്ടറി ഹനീഫ ടി ആർ മേൽപറമ്പ് ഉദ്ഘാടനം ചെയ്തു.

പ്രമുഖ എഴുത്തുകാരനും കാസർഗോഡ് സാഹിത്യ വേദി പ്രസിഡന്റുമായ എ എസ് മുഹമ്മദ് കുഞ്ഞി പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി. പ്രവാസ ഭൂമിയിൽ എത്തിയ നാൾ മുതൽ നാട്ടിലേക്ക് മടങ്ങുവാൻ ആഗ്രഹിക്കുന്ന പ്രവാസിയുടെ നോവുന്ന ഹൃദയത്തെയും, ഗൃഹാതുരത്വം തുളുമ്പുന്ന ഗ്രാമാക്കാഴ്ച്ചകളും, മഴയോർമ്മകളും കോറിയിടപ്പെട്ട വരികളാൽ സമ്പന്നമായ കവിതയെയും, പൊള്ളുന്നൊരുള്ളം തണുപ്പിക്കാൻ ഒറ്റക്ക് മഴയത്ത് ഇറങ്ങണമെന്നുള്ള പ്രവാസികളുടെ മനോഗതം പറയുന്ന കവിതയെയും എ എസ് മുഹമ്മദ്‌ കുഞ്ഞി തന്റെ വാക്കുകളിലൂടെ ഓർമിച്ചടുത്തു.

തന്റെ സ്വന്തം പ്രദേശമായ മേൽപ്പറമ്പിന്റെ എഴുത്തുകാരനും, പഴയകാല സാമൂഹിക സാംസ്കാരിക രംഗത്തെ സമ്പന്നമാക്കിയ മൺമറഞ്ഞുപോയ കടവത്ത് ആമിഞ്ഞി മാസ്റ്ററുടെ മകനുമായ സലാം കളനാടിന്റെ കവിതയിലെ, പ്രവാസികളുടെ ആകുലത ദൃശ്യമാകുന്നു എന്നും, ചന്ദ്രഗിരി പുഴയുടെയും ചന്ദ്രഗിരി കോട്ടയുടെയും  ഇടയിലൂടെ ബാല്യകാലം നടന്നു തീർത്ത സലാം കളനാടിന്റെ നദിയോർമ്മകളും എല്ലാ പ്രവാസികളുടെയും മനസ്സിൽ ഒളിഞ്ഞിരിക്കുന്ന ചിന്തകൾ തന്നെയാണെന്ന് റാഫി പള്ളിപ്പുറം പറഞ്ഞുവച്ചു.

എഴുത്ത് ജീവിതത്തിലും പ്രവാസി ജീവിതത്തിലും സലാമിന്റെ ഇടം വലം നിന്നിരുന്ന ഉറ്റസുഹൃത്തുക്കളായ റഫീഖ് മാങ്ങാട്, മധുസൂദനൻ നായർ അഷറഫ് തൃക്കരിപ്പൂർ അബൂബക്കർ തിരൂർ, ഷെരീഫ് സിലോൺ,മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, തുടങ്ങിയവർ പുസ്തകത്തിനു ആശംസകൾ അർപ്പിച്ചു.

ഹനീഫ കട്ടക്കാൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ഷിഫാസ് പട്ടേൽ നന്ദി പ്രകാശിപ്പിച്ചു.