കുവൈറ്റ് സിറ്റി : മലബാർ മേഖലയിൽലെ ഗൾഫ് പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ നിർത്തലാക്കിയത് പ്രതിഷേധാർഹവും പ്രവാസികളോടുള്ള അനീതിയുമാണെന്ന് കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. കോഴിക്കോട്, കണ്ണൂർ മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികളാണ് ഈ എയർപോർട്ടുകളിൽ നിന്നും യാത്ര ചെയ്യുന്നത്. ഒരു കാരണവുമില്ലാതെ വിമാനനങ്ങൾ നിർത്താലാക്കിയത് വഞ്ചനപരവും നീതീകരിക്കാനാവാത്തതുമാണ്. കുവൈറ്റിൽ നിന്നും നേരിട്ട് കോഴിക്കോടേക്ക് എക്സ്പ്രെസ് വിമാനം മാത്രമാണുള്ളത്. അത് കൂടി നിർത്തലാക്കുന്നത്തോടെ പ്രവാസികളുടെ യാത്ര പ്രശ്നം കൂടുതൽ സങ്കീർണമാവും. തീരുമാനം പുനപരിശോധിക്കാൻ എയർ ഇന്ത്യ മാനേജ്മന്റ് തയ്യാറാവണമെന്നും വിമാന സർവീസുകൾ പുനസ്ഥാപിക്കണമെന്നും കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി, ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര, ട്രഷറർ ഗഫൂർ അത്തോളി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.






























