എയർ ഇന്ത്യ എക്സ്പ്രസ്സ് സർവ്വീസുകൾ വെട്ടിക്കുറച്ച സംഭവം, പ്രതിഷേധിച്ച് പ്രവാസി വെൽഫെയർ കുവൈത്ത്

0
54

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ സാധാരണക്കാരായ പ്രവാസികളെ, പ്രത്യേകിച്ച് മലബാർ മേഖലയിലേക്ക് യാത്ര ചെയ്യുന്നവരെ, ദുരിതത്തിലാഴ്ത്തിക്കൊണ്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് അറിയിച്ചു. പ്രവാസികളുടെ യാത്രാവകാശങ്ങൾക്കും ക്ഷേമത്തിനും നേരെയുള്ള കടുത്ത വെല്ലുവിളിയാണ് ഈ ഏകപക്ഷീയ നടപടി. മലബാർ മേഖലയിലേക്ക് (കോഴിക്കോട്, കണ്ണൂർ, മംഗലാപുരം തുടങ്ങിയ എയർപോർട്ടുകളിലേക്ക്) നേരിട്ടുള്ള സർവീസ് നടത്തുന്ന ഏക ബജറ്റ് വിമാനക്കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ്. ഈ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത് വഴി, ഈ ഭാഗത്തേക്കുള്ള പ്രവാസികൾക്ക് മറ്റ് എയർലൈനുകളെയോ കണക്ഷൻ ഫ്ലൈറ്റുകളെയോ ആശ്രയിക്കേണ്ടി വരും. ഇത് ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തുകയും, യാത്രാ സമയം വർദ്ധിപ്പിക്കുകയും, മലബാർ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കനത്ത സാമ്പത്തിക ആഘാതം സൃഷ്ടിക്കുകയും ചെയ്യും. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി വിമാന കമ്പനികൾ എടുക്കുന്ന ഇത്തരം തീരുമാനങ്ങൾ പ്രവാസികളോടുള്ള കടുത്ത അവഗണനയാണ്. യാത്രാക്ലേശം ഒരു നിത്യപ്രശ്നമായി തുടരുമ്പോൾ, നിലവിലുള്ള സർവീസുകൾ പോലും വെട്ടിക്കുറയ്ക്കുന്നത് നീതീകരിക്കാനാവില്ല.അതുകൊണ്ട്, പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടും എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതരോടും താഴെ പറയുന്ന ആവശ്യങ്ങൾ ഉന്നയിക്കുന്നു: വെട്ടിക്കുറച്ച എയർ ഇന്ത്യ എക്സ്പ്രസ്സ് സർവ്വീസുകൾ ഒരു കാരണവശാലും കാലതാമസമില്ലാതെ ഉടൻ പുനഃസ്ഥാപിക്കുക, പ്രത്യേകിച്ച് മലബാർ മേഖലയിലേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിൽ നിന്ന് പിന്മാറുകയും, പകരം പുതിയ സർവ്വീസുകൾ ആരംഭിച്ച് സീറ്റുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുക, ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാനും അമിത നിരക്ക് ഈടാക്കുന്നത് തടയാനും അടിയന്തിരമായി ഇടപെടുക. പ്രവാസികളുടെ ന്യായമായ ഈ ആവശ്യങ്ങൾ പരിഗണിച്ച് ഉടൻ അനുകൂലമായ തീരുമാനം എടുത്തില്ലെങ്കിൽ, സമാന മനസ്‌കരായ മറ്റ് പ്രവാസി സംഘടനകളെയും വ്യക്തികളെയും ഏകോപിപ്പിച്ച് പ്രതിഷേധം ശക്തമാക്കും. ഇതിന്റെ ഭാഗമായി കേരളത്തിലും (പ്രത്യേകിച്ച് മലബാർ മേഖലയിൽ), കുവൈറ്റിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമായി നാടുകളിലും മറുനാടുകളിലും ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് പ്രവാസി വെൽഫെയർ കുവൈത്ത് നേതൃത്വം നൽകുന്നതായിരിക്കുമെന്നു പ്രസ്താവനയിൽ പറഞ്ഞു.