കോട്ടയം മെഡിക്കൽ കോളജ് അപകടം; ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം; മകന് ദേവസ്വംബോർഡിൽ ജോലി

0
200
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണു മരിച്ച വൈക്കം തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും തുക നൽകുക. ഇതു കൂടാതെ ബിന്ദുവിന്റെ മകൻ‌ നവനീതിന് ജോലി നൽകാനും മന്ത്രിസഭ തീരുമാനിച്ചു. നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് മന്ത്രിസഭാ യോഗം ശുപാർശ ചെയ്തു.
അതേസമയം, ബിന്ദുവിന്റെ മകൾ നവമിയുടെ ശസ്ത്രക്രിയ ഇന്നലെ നടന്നു. ‘കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ ദൗർഭാഗ്യകരമായ അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ മകളുടെ ശസ്ത്രക്രിയ ഇന്നലെ നടന്നു. 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം മകന് ജോലി നൽകാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. പ്രിയ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ ചേട്ടനെ ഫോണിൽ വിളിച്ച് സംസാരിച്ചു’- ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.