ഗാർഹികതൊഴിലാളി നിയമനം ചിലവ് കൂടും; രാജ്യങ്ങളുമായി കരാർ പുതുക്കുന്നതിന് സമയമെടുത്തേക്കും

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി കൂടുതൽ പേരെ നിയമിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും. ഏറെ കടമ്പകൾ കടന്നുവേണം പുതിയ നിയമനങ്ങൾ നടത്താൻ. വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് ചെലവ് 50% വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലാളി ഒരാൾക്ക് 990 ദിനാറിൽ നിന്നും
1,400 മുതൽ 1,500 ദിനാർ വരെയാകും. കൊറോണ വ്യാപനത്തെ തുടർന്ന് പുറത്തുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അവരുടെ സേവനങ്ങളിൽ പുതിയ ചിലവുകൾ ചേർത്തു, ഇതും വില വർദ്ധനക്ക് ഒരു പ്രധാന കാരണമാകും. കുവൈത്തിലേക്ക് വരുന്നതിനു മുൻപ് തൊഴിലാളികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നൽകേണ്ട പരിശീലനച്ചെലവ് ഉൾപ്പെടെയാണിത്. എന്നാൽ അധിക ചെലവ് നൽകി തൊഴിലാളികളെ എത്തിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല . ഈ സാഹചര്യത്തിൽ തൊഴിലാളികൾക്ക് നൽകേണ്ട പരിശീലനവും മറ്റും പ്രാദേശിക ഓഫീസുകൾ കൈകാര്യം ചെയ്യേണ്ടി വരും.

റിക്രൂട്ട്മെന്റ് ആരംഭിക്കുന്നതിന് കുവൈത്തും മറ്റു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിടുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. കഴിഞ്ഞ വർഷം പ്രവർത്തനം നിർത്തിയതിനാൽ എല്ലാ കരാറുകളുടെയും സാധുത നിയമപരമായി പുതുക്കേണ്ടതുണ്ടെന്ന് അൽ റായി റിപ്പോർട്ട് ചെയ്യുന്നു. കരാർ പുതുക്കുന്നതിന് അധിക നടപടിക്രമങ്ങളും സമയവും ആവശ്യമാണ്, അത് നിയമന പ്രക്രിയ വൈകിപ്പിക്കും. കുവൈത്തിലേക്ക് വരുമ്പോൾ പാലിക്കേണ്ട മുൻകരുതൽ നടപടികളുടെ ഭാഗമായുള്ള പിസിആർ പരിശോധന, ക്വാറൻ്റയിൻ വിമാനയാത്ര ചെലവുകൾ എന്നിവയും ഇതിൽപെടും. പല രാജ്യങ്ങളുമായി യാത്രാനിരോധനം തുടരുന്ന സാഹചര്യത്തിൽ ഏതു വിധേന ഇവരെ എത്തിക്കും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും അറിയിച്ചിട്ടില്ല. ഇന്ത്യയിൽ നിന്നും എയർ ഇന്ത്യയുമായി സഹകരിച്ച് ഗാർഹിക തൊഴിലാളികളെ തിരികെ എത്തിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.