നാലു വർഷമായി കാണാതായ തീവ്രവാദ സംഘടന അംഗം മരണപ്പെട്ടതായി പരമോന്നത കോടതി

കുവൈത്ത് സിറ്റി: തീവ്രവാദ സംഘടനയിൽ ചേരുന്നതിനായി രാജ്യം വിട്ടു പോയ യുവാവ് വിദേശത്ത് സായുധ കലാപത്തിൽ കൊല്ലപ്പെട്ടതായി കുവൈത്ത് പരമോന്നത കോടതി വിധിച്ചു. ഇയാൾ മരണപ്പെട്ടു എന്ന് അംഗീകരിക്കാതിരുന്ന കീഴ്കോടതിവിധി വിധിക്കെതിരെയാണിത് . വാദി ഭാഗം കോടതിയിൽ അവതരിപ്പിച്ച കേസ് രേഖകളും സാക്ഷിമൊഴികളും അംഗീകരിച്ചാണ് കോടതി നടപടി. കാണാതായ വ്യക്തിയെ കുറിച്ച് നാലുവർഷമായി
യാതൊരു വിവരവും ഇല്ല. ഇയാൾ രാജ്യം വിട്ട് തുർക്കിയിലേക്ക് പോവുകയും അവിടെനിന്ന് സിറിയയിലേക്ക് കടന്നു എന്നതൊഴിച്ചാൽ അദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല എന്ന് വാദി ഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ബദർ മുനവർ അൽ മുത്തൈരി പറഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾ ജിഹാദി ഗ്രൂപ്പുകളുമായി ബന്ധപ്പെടുകയും ഇവരുടെ സായുധ സംഘത്തിൽ ചേർന്നതായും വ്യക്തമായി. നിലവിൽ ഇയാൾക്കെതിരെ ഇൻറർപോൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

അക്കാലത്ത് സിറിയയിലെ പല പ്രദേശങ്ങളിൽ നിലനിന്നിരുന്ന അപകട സാഹചര്യങ്ങളിൽ അദ്ദേഹം മരണപ്പെട്ടിട്ടുണ്ട് എങ്കിൽ അത് തെളിയിക്കുക പ്രയാസമാണ്, കൂടാതെ ഈ നാലു വർഷക്കാലം ആരുമായും ഒരു തരത്തിലും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല എന്ന വസ്തുത അവഗണിക്കാനാവില്ലെന്നും അഭിഭാഷകൻ കോടതിയിൽ വാധിച്ചു. മാധ്യമങ്ങളിലൂടെയും അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ മുൻവർഷങ്ങളിൽ നടത്തി എങ്കിലും ഇവയൊന്നും ഫലവത്തായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദങ്ങളെല്ലാം അംഗീകരിച്ചാണ് പ്രസ്തുത വ്യക്തി മരണപ്പെട്ടതായി കോടതി വിധി പ്രഖ്യാപിച്ചത്.