കൊറോണ വൈറസ്: വുഹാനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി ഇന്ത്യ

ന്യൂഡൽഹി: കൊറോണ വൈറസ് ഭീതി ഉയർത്തി പടർന്നു പിടിക്കുന്ന ചൈനയിൽ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രം. ഇന്ത്യയുടെ വിമാനം ഇറങ്ങാനുള്ള അനുമതി ചൈന നൽകിയതോടെ എയർ ഇന്ത്യ വിമാനം ഉടൻ തന്നെ വുഹാനിലേക്ക് പുറപ്പെടും. കേന്ദ്രസർക്കാർ നടത്തിയ പ്രത്യേക ഇടപെടലിലൂടെയാണ് വിമാനം ഇറങ്ങാൻ ചൈന അനുമതി നൽകിയത്. മുംബൈ വിമാനത്താവളത്തിൽ നിന്നാകും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള വിമാനം വുഹാനിലേക്ക് പുറപ്പെട്ടത്.

പാസ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിസയോ വര്‍ക്ക് പെര്‍മിറ്റോ പുതുക്കുന്നതിനുവേണ്ടി പാസ്പോര്‍ട്ട് ചൈനീസ് അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളവരാണ് വിവരങ്ങള്‍ കൈമാറേണ്ടത്. പാസ്പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക് വിവരങ്ങള്‍ അറിയിക്കാന്‍ പ്രത്യേക ഇ മെയില്‍ ഐ.ഡിയും തയ്യാറാക്കിയിട്ടുണ്ട്. എംബസിയുടെ മൂന്ന് ഹോട്ട്ലൈനുകള്‍ക്ക് പുറമെയാണിത്.

വുഹാനിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെട്ടവരെ രക്ഷിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ കേന്ദ്രത്തിന് കത്തയച്ചിരുന്നു.