കൊവിഡ് കാലത്തെ കൈയ്ത്താത്താങ്ങ് : അല്‍ നജാത് ചാരിറ്റബിള്‍ സൊസൈറ്റിയ്ക്ക് ഇന്ത്യന്‍ എംബസിയുടെ ആദരം

കുവൈത്ത്‌സിറ്റി: ലോക്ഡൗണിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യാക്കാര്‍ക്ക് ഭക്ഷണകിറ്റുകള്‍ എത്തിക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങളുടെ പേരീല്‍ കുവൈത്തിലെ സന്നദ്ധ സംഘടനയായ അല്‍ നജാത് ചാരിറ്റബിള്‍ സൊസൈറ്റിയാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ ആദരവിന് അര്‍ഹമായത്.


കഴിഞ്ഞ വര്‍ഷം എംബസിയുടെ സഹകരണത്തോടെ ആരംഭിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പിനോട് ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് അല്‍ നജാത് ചാരിറ്റബിള്‍ സൊസൈറ്റി നടത്തിയിരുന്നത്.
ഐ.സി.എസ്.ജി വക 18,000 ഭക്ഷണകിറ്റുകള്‍ (ഏകദേശം അഞ്ചുലക്ഷത്തോളം പേര്‍ക്കുള്ള ഭക്ഷണം) രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ഇന്ത്യാക്കാര്‍ക്ക് എത്തിക്കാന്‍ പ്രസ്തുത ഗ്രൂപ്പിലെ നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അല്‍ നജാത് ചാരിറ്റബിള്‍ സൊസൈറ്റി മുഖേന സാധിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അല്‍ നാജാത്ത് സൊസൈറ്റിയുടെ ബോര്‍ഡ് അംഗങ്ങള്‍ക്ക് സ്ഥാനപതി സിബി ജോര്‍ജ് ബഹുമാനസൂചകമായി ഔദ്യോഗിക വിരുന്നു സല്‍ക്കാരവും കഴിഞ്ഞ ദിവസം നടത്തി.

അല്‍ നജാത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അറിയിച്ച ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈത്തും ഇന്ത്യയും തമ്മില്‍ തുടര്‍ന്നു വരുന്ന ചരിത്രപരമായ ബന്ധത്തെയും പ്രകീര്‍ത്തിച്ചു.
രാജ്യത്തെ വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരുമായി കുവൈത്തിന് ദീര്‍ഘകാല ബന്ധമുണ്ടെന്നും കുവൈത്തിന്റെ ചില മേഖലകളില്‍ ഇന്ത്യന്‍ സ്വാധീനമുണ്ടെന്നും അല്‍ നജാത് സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായ ഫൈസല്‍ അല്‍ സാമെല്‍ ചടങ്ങില്‍ വ്യക്തമാക്കി.
ദുരിതത്തിലായവര്‍ക്ക് കൃത്യസമയത്ത് സഹായം ലഭ്യമാക്കിയ അല്‍ നജാത് സംഘടനയ്ക്ക് നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രാജ്പാല്‍ ത്യാഗി പറഞ്ഞു.

അല്‍നജാത് സംഘടനാ ഭാരവാഹികള്‍ക്ക് ആദരസൂചകമായി ഇന്ത്യന്‍ ഗ്രൂപ്പ് ഭാരവാഹികള്‍ ഷാളുകള്‍ സമ്മാനിച്ചു. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് അല്‍ നജാത് വൈസ് ചെയര്‍മാന്‍ റഷീദ് ഹമദ് അല്‍ ഹമദിന് മെമന്റോ സമ്മാനിച്ചു. ഇന്ത്യന്‍ സമൂഹത്തിനുള്ള ആദരമായി അല്‍ നജാത് വൈസ് ചെയര്‍മാനും മെമന്റോ സമ്മാനിച്ചു.