കൊറോണ വൈറസ്: കേരളത്തിൽ ജാഗ്രത; പ്രതിരോധ മാർഗങ്ങൾ സുസജ്ജമെന്ന് ആരോഗ്യമന്ത്രി

Shylaja Teacher

തിരുവനന്തപുരം: കൊറോണ വൈറസിനെക്കുറിച്ച് ആശങ്ക ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി സര്‍ക്കാർ. സംസ്ഥാനത്ത് ഇതുവരെ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വൈറസിനെ പ്രതിരോധിക്കാൻ സംസ്ഥാനം പൂർണ്ണ സജ്ജമാണെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചത്. മുന്‍കരുതലും ജാഗ്രതയും തുടരുമെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

കൊറോണ ഭീതിയിൽ സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലാണ്. രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തുവരെയെല്ലാം നിരീക്ഷിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്, അതേസമയം കൊറോണ ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിപ്പോയവരെ വ്യോമമാര്‍ഗം തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ മറച്ചുവയ്ക്കാതെ അടിയന്തര ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഒാഫിസറെ വിവരമറിയിക്കണമെന്നും സർക്കാർ നിർദേശമുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ ഹെല്‍പ് ലൈന്‍ നമ്പർ: 0471 2552056.