മനാമ: ഇന്ത്യയിൽ നടപ്പാക്കാനൊരുങ്ങുന്ന വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരെ ബഹ്റൈൻ പാർലമെന്റ്. മുസ്ലീങ്ങൾ ഒഴികെയുള്ള അഭയാർഥികൾക്ക് പൗരത്വം നൽകാനുള്ള തീരുമാനം അനീതിയും വിവേചനപരമാണെന്നുമാണ് പാർലമെന്റ് അഭിപ്രായപ്പെട്ടത്. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും പൗരാണിക പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. മറ്റുള്ളവരെ തുറന്ന മനസോടെ സ്വീകരിക്കുന്നതാണ് ഇന്ത്യന്‍ സംസ്കാരം എന്നാണ് ലോകത്ത് പ്രചാരം നേടിയിരിക്കുന്നത്.
എന്നാൽ പുതിയ നിയമം ഒരു വിഭാഗം ഇന്ത്യൻ പൗരന്മാരുടെ പൗരത്വം റദ്ദു ചെയ്യാൻ കാരണമായേക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പൗരന്മാർക്കിടയിൽ വിവേചനം ഉണ്ടാക്കുന്ന ഈ നിയമം, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ബഹ്റൈൻ പാര്‍ലമെൻറ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. അതുകൊണ്ട് തന്നെ അന്തരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകണമെന്നും മുസ്ലിം പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ ഈ നിയമം പിൻവലിക്കണമെന്നും ബഹ്റൈൻ പാർലമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.