വിമാനത്താവളങ്ങളിലും അതിർത്തികളിലും ബയോമെട്രിക് ഫിംഗർപ്രിൻ്റിംഗ് നിർത്തലാക്കി

0
41

കുവൈത്ത് സിറ്റി : യാത്രാ കേന്ദ്രങ്ങളിലുണ്ടായിരുന്ന തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനായി കുവൈത്തിൻ്റെ കര, വ്യോമ, കടൽ അതിർത്തികളിൽ എൻട്രി, എക്സിറ്റ് കേന്ദ്രങ്ങളിൽ ബയോമെട്രിക് ഫിംഗർപ്രിൻ്റിംഗ് ഇനി ഉണ്ടാകുകയില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന് പകരമായി കുവൈത്തി പൗരന്മാർ യാത്രയ്ക്ക് മുൻപ് തന്നെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസിൻ്റെ പേഴ്സണൽ ഐഡൻ്റിഫിക്കേഷൻ സെൻ്ററുകളിലോ അല്ലെങ്കിൽ നാഷണൽ ഐഡൻ്റിറ്റി സെൻ്ററുകളിലോ വെച്ച് ബയോമെട്രിക് ഫിംഗർപ്രിൻ്റിംഗ് പൂർത്തിയാക്കണം.

താമസക്കാരെ സംബന്ധിച്ചിടത്തോളം, രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസിൻ്റെ പേഴ്സണൽ ഐഡൻ്റിഫിക്കേഷൻ സെൻ്ററുകളിൽ മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാവുക. കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെ എല്ലാ അതിർത്തി കടക്കൽ കേന്ദ്രങ്ങളിലെയും യാത്രാ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും യാത്രക്കാരുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വിശദീകരിച്ചു. മുൻകൂട്ടി ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത യാത്രക്കാർ പുറപ്പെടുന്ന സമയത്ത് തിരക്കിനും കാലതാമസത്തിനും കാരണമായതിനെത്തുടർന്നാണ് മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം.