ലിംഗവിവേചനമില്ല; ശബരിമലയിൽ വിശ്വാസവുമായി ബന്ധപ്പെട്ട ആചാരം: സുപ്രീം കോടതിയിൽ നിലപാടറിയിക്കാൻ കേന്ദ്രം

ന്യൂ‍ഡൽഹി: ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കരുതെന്നാവശ്യപ്പെടാൻ കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട ഹർജികൾ വിശാല ബഞ്ച് പരിഗണിക്കാനിരിക്കെയാണ് യുവതി വിലക്കിനെ അനുകൂലിക്കുന്ന നിലപാട് അറിയിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.

പുഷ്‌ക്കറിലെ ബ്രഹ്മ ക്ഷേത്രം, കന്യാകുമാരിയിലെ കുമാരി അമ്മന്‍ ക്ഷേത്രം, മുസഫര്‍പൂറിലെ മാത ക്ഷേത്രം, ആസാമിലെ കാമാഖ്യ ക്ഷേത്രം തുടങ്ങി വിശ്വാസവുമായി ബന്ധപ്പെട്ട് വിവിധ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന പ്രത്യേക ആചാരങ്ങൾ സംബന്ധിച്ച് ചൂണ്ടിക്കാട്ടിയാകും കേന്ദ്രം നിലപാട് അറിയിക്കുക. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല, ചക്കുളത്ത് കാവിലെ നാരി പൂജ എന്നിവയും ഉദാഹരണമായി ചൂണ്ടിക്കാണിക്കും. ഹിന്ദു മതത്തില്‍ മാത്രമല്ല, ഇസ്ലാം മതത്തിലും, ക്രിസ്തു മതത്തിലും മതത്തിന് ഉള്ളില്‍ വ്യത്യസ്ത ആചാരങ്ങള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

മൗലിക അവകാശങ്ങള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടതാണെന്നും മത വിഭാഗങ്ങളോട് അത് അവകാശപ്പെടാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.