തിരുവനന്തപുരം: ഇന്ന് 39 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തിൽ വൈറസ് ബാധിതരുടെ എണ്ണം 164 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 39 പേരിൽ 34 പേരും കാസർഗോഡ് ജില്ലക്കാരാണ്. കണ്ണൂരിൽ രണ്ട് പേർക്കും, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ സ്ഥിതി ഗൗരവതരമാണെന്നാണ് ഇന്നത്തെ സ്ഥിതിഗതികൾ വിശദീകരിച്ച് മുഖ്യമന്ത്രി അറിയിച്ചത്. നിലവിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി തന്നെ തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിക്കപ്പെട്ട ദിവസങ്ങളിലൊന്ന് കൂടിയാണിത്. അതുകൊണ്ട് തന്നെ കൂടുതൽ ജാഗ്രത വേണ്ടതുണ്ട്.
സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് നിരീക്ഷണത്തിലുള്ളത്. 616 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 1,09,683 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.