അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ എല്‍കെ അഡ്വാനി പങ്കെടുക്കും

ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ മുതിർന്ന ബിജെപി നേതാവ് എൽകെ അഡ്വാനി പങ്കെടുക്കുമെന്ന് വിവരം. വിഎച്ച്പി നേതാവ് അലോക് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മുതിർന്ന നേതാക്കളായ എൽ കെ അഡ്വാനിയും മുരളി മനോഹർ ജോഷിയും, ഇരുവരുടെയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യർത്ഥിച്ചെന്നും അത് അദ്വാനിയും മുരളി മനോഹർ ജോഷിയും അംഗീകരിച്ചുവെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ രാമക്ഷേത്ര നിർമ്മാണത്തിനായി പ്രചാരണം ആരംഭിച്ച മുതിർന്ന നേതാക്കളെ തന്നെ മാറ്റി നിർത്തുന്നതിൽ ബിജെപിക്കുള്ളിൽ നിന്നു തന്നെ എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഇവരെ ക്ഷണിച്ചത്. ഇതിനു പിന്നാലെയാണ് അദ്ദേഹം പങ്കെടുക്കും എന്ന് സ്ഥിരീകരിച്ചത്.

എല്‍കെ അഡ്വാനിക്ക് ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഉള്‍പ്പടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് അലോക് കുമാര്‍ പറഞ്ഞു. പ്രതിഷ്ഠാദിന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ക്ഷണിതാക്കളില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിത തൊഴിലാളികളുടെ കുടുംബങ്ങളും ഉള്‍പ്പെടുന്നു.

അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ്. ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് നിരസിച്ചത്. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നാണ് കോൺ​ഗ്രസ് അറിയിച്ചത്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. എന്നാൽ ആർഎസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും കോൺ​ഗ്രസ് വ്യക്തമാക്കി.