കുവൈത്ത് സിറ്റി: കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായി ഓൺലൈനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഏതാനും മണിക്കൂറിനകം 250000 ത്തിൽ എത്തുമെന്ന് കൊറോണ വാക്‌സിന് വേണ്ടിയുള്ള സാങ്കേതിക സമിതി അംഗം പ്രൊഫസർ ഖാലിദ് അൽ സയീദ് പറഞ്ഞു.
ആദ്യ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കാൻ എല്ലാവർക്കും ഉൾഭയം കാണും.
എന്നാൽ പ്രധാനമന്ത്രി, ആരോഗ്യമന്ത്രി, നിയമനിർമ്മാണ എക്സിക്യൂട്ടീവ് അതോറിറ്റി അംഗങ്ങൾ, സാങ്കേതിക സമിതി അംഗങ്ങൾ, മെഡിക്കൽ ഓഫീസർമാർ എന്നിവർ മുൻകൈയ്യെടുത്ത് കുത്തിവെപ്പ് സ്വീകരിച്ചതോടെ വലിയൊരു വിഭാഗം ജനങ്ങളിൽ നിന്നും ഈ ഭയം പെട്ടെന്ന് ഇല്ലാതായി എന്നും അദ്ദേഹം പറഞ്ഞു. ചെറിയ കാലയളവിൽ വാക്സിൻ കണ്ടെത്താൻ നടത്തിയ ആഗോള ശ്രമങ്ങളെ അൽ-സയീദ് പ്രശംസിച്ചു.
നിലവിൽ ലഭ്യമായ വാക്‌സിനുകളായ ഫൈസർ മോഡേണ, അസ്ട്രസെനെക എന്നിവ വ്യത്യസ്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും, ലോകമെമ്പാടും ഇതുവരെ ഫൈസർ വാക്സിൻ സ്വീകരിച്ച 14 ലക്ഷത്തോളം പേർക്ക് പാർശ്വഫലങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ബ്രിട്ടൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലുള്ള കുവൈത്ത് സ്വദേശികളായ വിദ്യാർഥികൾക്ക് കുത്തിവെപ്പ് നൽകുന്നതിനായി
കൊറോണ വാക്സിൻ ടെക്നിക്കൽ കമ്മിറ്റി എംബസികളുമായും ഏകോപിപ്പിച്ച് ഒരു പ്രത്യേക സംവിധാനവും രൂപീകരിച്ചിട്ടില്ല എന്നാൽ ഇവർ ആരോഗ്യ മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് രാജ്യത്ത് എത്തുമ്പോൾ വാക്സിൻ സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു