നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

0
106

മലപ്പുറം:നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി അനന്തു വൈദ്യുതാഘാതത്തിൽ മരിച്ച സംഭവത്തിന് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സി. അലവി ആണ് അന്വേഷണം നയിക്കുന്നത്.

വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഈ സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് സൂചിപ്പിച്ചിരുന്നു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മന്ത്രിയുടെ വാദത്തെ അനുകൂലിച്ചുകൊണ്ട്, സംഭവം സൃഷ്ടിക്കപ്പെട്ടതാണോ എന്ന് സംശയിക്കുന്നെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണിവിടെ. പന്നികളെ പിടികൂടാൻ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. യുഡിഎഫിന്റെ ഭാഗത്തുനിന്ന് എന്തും പ്രതീക്ഷിക്കാം. സമഗ്രമായ അന്വേഷണം നടക്കണംഎന്ന് പ്രതികരിച്ചു.

വനംമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷം ശക്തമായി നിരാകരിച്ചു. മന്ത്രി മാപ്പ് പറയണമെന്നും വനംമന്ത്രിയുടെ തെറ്റായ പ്രസ്താവനയിലും അന്വേഷണം വേണമെന്നാണ് ആവശ്യം. വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഷ്ട്രീയ ഗൂഢാലോചനാ ആരോപണമെന്നും പ്രതിപക്ഷം ആരോപിച്ചു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കേസ് ക്രെം ബ്രാഞ്ചിന് കൈമാറിയത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അനന്തുവിന്റെ മരണം വൈദ്യുതാഘാതം മൂലമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ശരീരത്തിൽ വൈദ്യുതപ്പൊള്ളലോടുകൂടിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.

സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതി വിനീഷ് കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് നിലമ്പൂർ ഡി.വൈ.എസ്.പി സാജു കെ. എബ്രഹാം വ്യക്തമാക്കി. പ്രതിയെ വീടിനടുത്തുള്ള വനത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്.