തിരുവനന്തപുരം: പീരുമേട് സബ്ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ കുറ്റക്കാരായ ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്‌കുമാറിന്റെ കസ്റ്റഡിമരണക്കേസ് ഗൗരവമേറിയതാണ്.ആ തരത്തിൽ തന്നെ അത് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് അന്വേഷണവും വകുപ്പ് തല അന്വേഷണവും നടക്കുകയാണ്. ലോക്കപ്പ് മരണക്കേസിൽ കുറ്റക്കാരായവര്‍ ആരും തന്നെ സര്‍വ്വീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .നാട്ടുകാര്‍ക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നു എന്നും,കസ്റ്റഡി മരണ കേസിൽ കുറ്റക്കാരായവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്നും കാണിച്ച് വി.ഡി.സതീശൻ എംഎൽഎ നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.രണ്ടാം തവണയാണ് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് പ്രതിപക്ഷം നിയമസഭയിൽ കൊണ്ട് വരുന്നത്.അതേസമയം രാജ്‍കുമാര്‍ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തില്‍ പീരുമേട് സബ്‍ ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്നു അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ന്യുമോണിയ ബാധ കണ്ടെത്തിയിട്ടും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയതായും അധികൃതർ വ്യക്തമാക്കി. ഈ വീഴ്ച മനപൂർവം ഉണ്ടായതാണോ എന്ന് അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.