കുവൈറ്റ് : പ്രവാസി സംരംഭകൻ റെജി ഭാസ്കറിന് ഐക്യദാർഢ്യവുമായി കുവൈത്തിൽ വന്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു . നൂറിൽ പരം സംഘടനാ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു
പ്രവാസി സംരംഭകരോട് നാട്ടിലെ അധികാരികൾ കാണിക്കുന്ന അവഗണക്കെതിരെയുള്ള താക്കീതായി മാറി കൂട്ടായ്മ.
കോഴിക്കോട് വേങ്ങേരിയിൽ ചില പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ സമരം ആരംഭിച്ചത് മുതൽ മുടങ്ങിക്കിടക്കുന്ന സർവീസ് സ്റ്റേഷൻ പുനരാരംഭിക്കണമെന്നു ജനകീയ കൂട്ടായ്മ ആഹ്വാനം ചെയ്തു .
റെജിയുടെ അവസ്ഥ നാളെ എല്ലാ പ്രവാസികൾക്കും ഉണ്ടായേക്കാമെന്നും പ്രവാസി സംരഭങ്ങൾക്കു തുരങ്കം വെക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ഒരുമിച്ചെതിർക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .
പ്രവാസി നിക്ഷേപങ്ങൾക്ക് സംരക്ഷണം നൽകേണ്ട സർക്കാറിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ കക്ഷിയിൽ പെട്ടവർ തന്നെ സംരംഭകർക്ക് തടസ്സം നിൽക്കുന്നത് കേരളത്തെ പിന്നോട്ട് നടത്താൻ കാരണമാകുമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. എന്നാൽ രാഷ്‌ടീയത്തിന്നതീതമായാണ് നാട്ടുകാർ സമരത്തിനിറങ്ങിയതെന്നും സമരത്തിന്റെ മുൻ നിരയിൽ ഉള്ളത് പ്രതിപക്ഷ പാർട്ടിയിൽ പെട്ടവരാണെന്നും അതിനാൽ ഇതിനെ രാഷ്ട്രീയ വിഷയമായി കാണാതെ സാമൂഹ്യ പ്രശ്നമായി കാണണമെന്നും ചിലർ അഭിപ്രായപ്പെട്ടു. അബാസിയ ഹൈഡൈൻ ഹോട്ടലിൽ നടന്ന ജനകീയ കൂട്ടായ്മയിൽ റെജി ഭാസ്കർ തന്റെ സർവീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിശദീകരിച്ചു
റെജിയുടെ അനുഭവം ഇങ്ങനെ
പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിന്റെ മുന്നോടിയായി കോഴിക്കോട് വേങ്ങേരി തണ്ണീർ പന്തൽ റോഡിൽ നാല് വർഷം മുൻപാണ് താൻ സർവീസ് സ്റ്റേഷൻ നിർമാണം ആരംഭിച്ചത് . കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് എഴുപത്തി അഞ്ചു ലക്ഷം രൂപയ്ക്കു മുകളിൽ വായ്പ എടുത്താണ് പദ്ധതി നടപ്പാക്കിയത് .
45 ലക്ഷം രൂപ ആറര സെൻറ് സ്ഥലത്തിനും ബാക്കി പണം യന്ത്രങ്ങൾക്കും മറ്റു കാര്യങ്ങൾക്കുമാണ് ചെലവാക്കിയത്. നിർമാണ ഘട്ടത്തിൽ തന്നെ പരിസ്ഥിതി പ്രശ്ങ്ങൾ ചൂണ്ടികാട്ടി ഡി.വൈ.എഫ് ഐ കൊടികുത്തുകയായിരുന്നു .
സമീപത്തെ ഹോട്ടലിനും മറ്റു സ്ഥാപനങ്ങൾക്കും ബാധകമല്ലാത്ത പരിസ്ഥിതി പ്രശ്നം തന്റെ കാര്യത്തിൽ മാത്രം ഉന്നയിക്കുന്നത് സ്നിക്ഷിപ്ത താല്പര്യങ്ങൾ കൊണ്ടാണെന്നു റെജി യോഗത്തിൽ പറഞ്ഞു . മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും സർവീസ് സ്റ്റേഷൻ നിർമിക്കുന്നതിനുള്ള ടൗൺപ്ളാനിംഗ് വിഭാഗത്തിന്റെ അനുമതിയും എല്ലാം ഉണ്ടായിട്ടും മെഷിനറി ഫിറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ സി.പി.എം തണ്ണീർപന്തൽ ലോക്കൽ കമ്മിറ്റി ഉടക്കുമായി രംഗത്തെത്തി .
ഇപ്പോൾ ഹൈക്കോടതിയിൽ കേസുള്ള വിഷയത്തിൽ നിയമനടപടികൾക്കും വലിയ തുക ചെലവാക്കിക്കൊണ്ടിരിക്കുകയാണ് . വാഹനങ്ങൾ കഴുകുന്ന വെള്ളം പുനരുപയോഗിക്കാനുള്ള സംവിധാനം ഉൾപ്പെടെ സജ്ജീകരിച്ചാണ് പ്ലാൻ തയ്യാറാക്കിയത് . അതുകൊണ്ട് തന്നെ പുഴ മലിനപ്പെടുന്ന സാഹചര്യമില്ല.
നികുതി അടച്ചുകൊണ്ടിരിക്കുന്ന സ്ഥലം കൈയേറിയതാണെന്ന് പറഞ്ഞ് വില്ലേജ് ഒാഫിസിലും കോർപറേഷൻ നിർമാണാനുമതിയും പരിസ്ഥിതി അനുമതിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും കള്ളക്കേസ് നൽകി പ്രതിസന്ധിയിലാക്കാൻ പാർട്ടി പ്രാദേശിക ഘടകം ശ്രമിക്കുന്നതായും രജി ഭാസ്കർ ആരോപിച്ചു
തുടർന്ന് നടന്ന തുറന്ന ചർച്ചയിൽ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനാ പ്രതിനിധികളും തങ്ങളുടെ വീക്ഷണങ്ങൾ അവതരിപ്പിച്ചു. സർവീസ് സ്റ്റേഷൻ നിർമാണം പുനരാരംഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾഏകോപിപ്പിക്കാൻ പതിനഞ്ചംഗ കമ്മിറ്റി രൂപീകരിച്ചട്ടുണ്ട് .
തങ്ങളിൽ ഒരാളായ റെജിക്ക് വേണ്ടി കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്നു ഒറ്റക്കെട്ടായി നിൽക്കണമെന്നും നേതാക്കൾ പറഞ്ഞു . റെജിയുടെ വിഷയത്തിലും പ്രവാസികളുടെ ബന്ധപ്പെട്ട പൊതു വിഷയങ്ങളിലും ഇടപെടുന്നതിലേക്കായി വിവിധ നിർദേശങ്ങളും തീരുമാനങ്ങളും യോഗത്തിൽ ഉയർന്നു വന്നു.
ചർച്ചയിൽ വന്ന പ്രധാന നിർദേശങ്ങൾ
: റെജിയുടെ വിഷയം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വ്യവസായ മന്ത്രി ഉൾപ്പടെയുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് സർക്കാർ തലത്തിൽ സമ്മർദ്ദം ശക്തമാക്കുക.
: ജില്ലാ കളക്ടറുമായും സ്ഥലത്തെ ജനപ്രതിനിധികളുമായും അതോടൊപ്പം സമരമുന്നണിയുമായും ചർച്ച ചെയ്ത് പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ അടുത്ത പ്രദേശക്കാരെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി ഉണ്ടാകുക.
: പ്രാവാസികളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തി അധികാരികൾക്ക് സമർപ്പിക്കുക.
: ലോകകേരളസഭ, നോർക്ക, പ്രവാസി ബോർഡ് തുടങ്ങിയ പ്രവാസികൾക്കായുള്ള സംവിധാനങ്ങളെ ഈ വിഷയത്തിൽ കൂടുതൽ ഉപയോഗപ്പെടുത്തുക.
: ഈ വിഷയത്തിൽ പ്രവാസലോകത്തും നാട്ടിലും മാധ്യമശ്രദ്ധ പിടിച്ച് പറ്റാൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്യുക.
: നാട്ടുകാരെയും പരിസ്‌ഥിതി പ്രവർത്തകരെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ഒരു ശ്രമം നടത്തുക.