പ്രവാസികൾക്ക് വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പദവിയും തിരുത്താൻ അനുമതി; പുതിയ ചട്ടം നിലവിൽ വന്നു

0
12

കുവൈത്ത് സിറ്റി : പ്രവാസി തൊഴിലാളികൾക്ക് അവരുടെ യഥാർത്ഥ ജോലിക്ക് അനുസരിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പദവിയും തിരുത്താൻ അനുമതി നൽകി കുവൈത്ത് പുതിയ ചട്ടങ്ങൾ നടപ്പിലാക്കി. ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ചെയർമാനുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് 2026-ലെ മന്ത്രാലയ സർക്കുലർ നമ്പർ 1 പുറത്തിറക്കിയാണ് പുതിയ സംവിധാനം നടപ്പാക്കിയത്.

പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ വിശദീകരണമനുസരിച്ച്, തൊഴിലാളിയുടെ വിദ്യാഭ്യാസ യോഗ്യതയും നിലവിൽ ചെയ്യുന്ന ജോലിയും തമ്മിൽ പൊരുത്തമുണ്ടെങ്കിൽ നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് യോഗ്യതയോ തൊഴിൽ പദവിയോ മാറ്റാൻ സാധിക്കും. തൊഴിൽ വിപണി കൂടുതൽ ക്രമീകരിക്കുന്നതിനും വിവിധ സാമ്പത്തിക മേഖലകളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള തൊഴിൽ വിഭാഗീകരണം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. തൊഴിലുടമകളുടെ ആവശ്യങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

തൊഴിൽ പദവികളുടെ ഏകീകൃത വിവരണവും വർഗീകരണ സംവിധാനവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ സർക്കുലർ നിർദേശിക്കുന്നു. ഇതിലൂടെ തൊഴിൽ വിവരങ്ങളുടെ കൃത്യത വർധിപ്പിക്കാനും ഭാവിയിലെ തൊഴിൽ നയ രൂപീകരണത്തിന് സഹായകരമായ ഡാറ്റ ലഭ്യമാക്കാനും സാധിക്കും. പുതിയ ചട്ടങ്ങൾ 2026 ജൂൺ 2 മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.