കുവൈത്തിൽ ഉപഭോക്തൃ ചെലവ് ഉയർന്നു; മേയിൽ 4.76 ബില്യൺ ദിനാറിലെത്തി

0
15

കുവൈത്ത് സിറ്റി : പ്രാദേശിക രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും കുവൈത്തിലെ ഉപഭോക്തൃ ചെലവ് ശക്തമായ വളർച്ച രേഖപ്പെടുത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2026 മേയിൽ ഉപഭോക്തൃ ചെലവ് 4.76 ബില്യൺ കുവൈത്ത് ദിനാറിലെത്തി. ഫെബ്രുവരി മുതൽ മേയ് വരെയുള്ള കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഫെബ്രുവരിയിൽ 4.48 ബില്യൺ ദിനാറായിരുന്ന ചെലവ് മാർച്ചിൽ 4.6 ബില്യൺ ദിനാറായി ഉയർന്നു. എന്നാൽ പ്രാദേശിക അനിശ്ചിതത്വങ്ങളെ തുടർന്ന് ഏപ്രിലിൽ ഇത് 4.37 ബില്യൺ ദിനാറായി കുറഞ്ഞു. തുടർന്ന് മേയിൽ 398.6 ദശലക്ഷം ദിനാറിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 2026-ലെ ആദ്യ അഞ്ച് മാസങ്ങളിൽ മൊത്തം ഉപഭോക്തൃ ചെലവ് 23.17 ബില്യൺ ദിനാറിലെത്തി. പോയിന്റ് ഓഫ് സെയിൽ ഇടപാടുകൾ, ഓൺലൈൻ പേയ്‌മെന്റുകൾ, എടിഎം സേവനങ്ങൾ, വാംദ് (WAMD) തൽക്ഷണ പേയ്‌മെന്റ് സംവിധാനം എന്നിവയിലെ വർധിച്ച ഇടപാടുകളാണ് ഇതിന് കാരണമായത്.

ബാങ്കിങ് മേഖലയിലും വളർച്ച തുടരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. മേയ് അവസാനത്തോടെ മൊത്തം വായ്പാ സൗകര്യങ്ങൾ 1.16 ബില്യൺ ദിനാർ വർധിച്ച് 64.9 ബില്യൺ ദിനാറിലെത്തി. നിക്ഷേപങ്ങളും 4.6 ശതമാനം ഉയർന്ന് 61.89 ബില്യൺ ദിനാറായി. കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും ധനകാര്യ മേഖലയിലുമുള്ള വിശ്വാസമാണ് ഈ വളർച്ചയ്ക്ക് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.