കുവൈത്ത് സിറ്റി: വിപുലമായ അറ്റകുറ്റപ്പണികൾ പൂർത്തിയായതിനെ തുടർന്ന് സബാഹ് അൽ സലേം, അൽ മസായേൽ മേഖലകളെ ഫഹാഹീൽ റോഡുമായി ബന്ധിപ്പിക്കുന്ന റോഡ് പൊതുമരാമത്ത് മന്ത്രാലയം തുറന്നു. രാജ്യത്തെ റോഡ് ശൃംഖല നവീകരിക്കുന്നതിനുള്ള പുതിയ കരാറുകളുടെ ഭാഗമായാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. ആവശ്യമായ എല്ലാ സാങ്കേതിക പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് റോഡ് ഗതാഗതത്തിനായി തുറന്നതെന്ന് മന്ത്രാലയം അറിയിച്ചു.
റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുക, ഗതാഗത സുരക്ഷ വർധിപ്പിക്കുക, പ്രധാന പാതകളിലെ വാഹനഗതാഗതം സുഗമമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. റോഡ് തുറന്നതോടെ സബാഹ് അൽ സലേം, അൽ മസായേൽ മേഖലകൾക്കിടയിലുള്ള യാത്ര കൂടുതൽ എളുപ്പമാകുകയും ഫഹാഹീൽ റോഡിലേക്കുള്ള ബന്ധം മെച്ചപ്പെടുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ തുടരുമെന്നും പൂർത്തിയാകുന്ന പദ്ധതികൾ ഘട്ടംഘട്ടമായി തുറന്നുകൊടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. വാഹനയാത്രക്കാർ വേഗപരിധിയും ഗതാഗതനിയമങ്ങളും പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.































