ലക്ഷദ്വീപിൽ പ്രതിഷേധം കനക്കുന്നതിനിടെ അഡ്മിനിസ്്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കവരത്തിയിലെത്തും. ഒരാഴ്ചത്തെ സന്ദർശനത്തിനായെത്തുന്ന അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും. സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപുകളില്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. ദ്വീപുകളിലെ വീടുകളിലും വഴിയോരങ്ങളിലും കറുത്ത കൊടികൾ ഉയർന്നു കഴിഞ്ഞു. അതേസമയം കോടികൾ നീക്കംചെയ്യണമെന്ന് ദ്വീപിലെ പോലീസുദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള പ്രഫുല്‍ ഖോഡയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്.
കവരത്തിയില്‍ ഉച്ചയോടെയെത്തുന്ന അദ്ദേഹം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഭരണപരിഷ്കാര നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്ററെ കവരത്തിയിലെത്തി കാണാന്‍ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
ഇന്നോളം ദ്വീപില്‍ കണ്ടിട്ടില്ലാത്ത പ്രതിഷേധങ്ങളാണ് അഡ്മിനിസ്ട്രേറ്റര്‍ നടപ്പിലാക്കുന്ന ഭരണപരിഷ്കാരങ്ങൾക്കെതിരെ അരങ്ങേറുന്നത്. ഇതുവരെ പ്രഖ്യാപിച്ച ഉത്തരവുകളില്‍ മത്സ്യതൊഴിലാളി ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ഉത്തരവ് മാത്രമാണ് പ്രതിഷേധം കണക്കിലെടുത്ത് പിന്‍വലിച്ചത്.