വനിതാ ശുചിമുറിയിൽ ഒളികാമറ വെച്ചു; ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ

0
35

ബെംഗളൂരു: വനിതകളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ. മഹാരാഷ്‌ട്ര സാംഗ്ലി സ്വദേശി സ്വപ്‌നിൽ നാഗേഷ് മാലിനെയാണ് ബെംഗളൂരു ഇലക്ട്രോണിക് വിഭാഗം സിറ്റി പൊലീസ് അറസ്റ്റ് ചെയ്‌തത്. ബെംഗളൂരു ഇൻഫോസിസ് ക്യാമ്പസിലെ സീനിയർ അസോസിയേറ്റ് കൺസൾട്ടൻ്റായി പ്രവർത്തിക്കുകയായിരുന്നു പ്രതി.

ജൂൺ 30 ന് ഇലക്ട്രോണിക് സിറ്റിയിലെ ഇൻഫോസിസ് ക്യാമ്പസിലാണ് സംഭവം നടന്നത്. പ്രതിയെ ജീവനക്കാർ പിടികൂടി ലോക്കൽ പൊലീസിൽ ഏൽപ്പിച്ചിരുന്നു. കമ്പനിയിലെ ജീവനക്കാരി ശുചിമുറി ഉപയോഗിക്കുന്നതിനിടെ അടുത്തുള്ള വര്‍ക്ക് സ്‌പേസില്‍ (ജോലി ചെയ്യുന്ന ഇടം) നിന്ന് വെളിച്ചം കണ്ടു. തുടർന്നുളള പരിശോധനയിലാണ് പ്രതി ശുചിമുറിക്കു സമീപം മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നതായി കണ്ടത്. സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജീവനക്കാർ പിടികൂടി വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു.

പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ മറ്റ് ജീവനക്കാരുടെ സ്വകാര്യ ദൃശ്യങ്ങളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. ജീവനക്കാരിയുടെ പരാതിയെ തുടർന്ന് ഇൻഫർമേഷൻ ടെക്നോളജി ആക്‌ട്, ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 77-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് ബെംഗളൂരു ഇലക്‌ട്രോണിക് വിഭാഗം സിറ്റി പൊലീസ് പറഞ്ഞു.