ഒഐസിസിയിൽ പൊട്ടിത്തെറി; നേതാക്കൾ ജിപിസിസിയിലേക്ക്, കമ്മിറ്റി വിപുലീകരണം പ്രഖ്യാപിച്ചു

0
27

കുവൈത്ത് സിറ്റി: കോൺഗ്രസിന്റെ കുവൈത്തിലെ പോഷക സംഘടനയായ ഒഐസിസിയിൽ പൊട്ടിത്തെറി. തുടർന്ന് നേതാക്കൾ ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസിൽ ചേർന്നു. ഇവരെ ഉൾക്കൊള്ളിച്ചുകൊണ്ട് സംഘടനാ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജിപിസിസി കമ്മിറ്റി വിപുലീകരണം പ്രഖ്യാപിച്ചു. കുവൈറ്റിലെ കലാ-സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്ത്‌ നിറഞ്ഞ സാന്നിധ്യമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി ആണ് ഈ തീരുമാനം എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ വർഷങ്ങളായി ഒഐസിസി എന്ന ഔദ്യോഗിക സംഘടനയുടെ ജനാധിപത്യ മര്യാദകൾ പാലിക്കാതെ ഏകപക്ഷീയമായുള്ള സമീപനത്തിൽ മനംമടുത്ത് അതിന്റെ നിലവിലെ നിരവധി ഭാരവാഹികൾ രാജി പ്രഖ്യാപിച്ച് GPCCയിൽ അംഗതമെടുത്തു.

ഒഐസിസി വിട്ട് കടന്നുവന്ന പാലക്കാട് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഐ കെ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചന്ദ്രമോഹൻ ആർ നായർ, നാഷണൽ എക്സിക്യൂട്ടീവ് അംഗം ഷബീർ കൊയിലാണ്ടി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഷരൺ കോമത്ത് ,പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി വിനീഷ് പള്ളത്ത്, തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷാനവാസ് സി എ , പാലക്കാട്‌ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ജിജു മാത്യു ഒഐസിസി അംഗങ്ങളായ അഭിജിത് ഇ വി ,ജോസഫ് സെബാസ്റ്റ്യൻ, സഫീറുള്ള, മെഹറിലി പി, തുടങ്ങിയവരെ GPCC കുവൈറ്റ് പ്രസിഡന്റ് – ചെസ്സിൽ ചെറിയാൻ രാമപുരം ഷാൾ അണിയിച്ചു സ്വീകരിച്ചു.

സ്ഥാനമാനങ്ങളല്ല ഒരാളെ യഥാർത്ഥ കോൺഗ്രസ്‌ പ്രവർത്തകൻ ആക്കുന്നത്, മറിച്ച് പാർട്ടിയെ സ്നേഹിക്കുന്നവർക്ക് സ്വതന്ത്രമായി സാധാരണക്കാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുമ്പോൾ ആണ് , പ്രത്യേകിച്ചും കോൺഗ്രസ്‌ സംഘടന എന്ന ലേബലിൽ ചെയ്യുമ്പോൾ ആണ് കോൺഗ്രസ്‌ പാർട്ടി സാധാരണക്കാരുടെയും അശരണരുടെയും അഭയ കേന്ദ്രമാകുകയും പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തിപെടുകയും ചെയ്യപ്പെടുന്നത്, പ്രത്യേകിച്ചും ഈയൊരു പ്രവാസലോകത്ത്‌. അതുകൊണ്ട് തന്നെ കോൺഗ്രസ്‌ പാർട്ടിയെ സ്നേഹിക്കുന്ന കുവൈറ്റിലെ സാധാരണ പ്രവർത്തകരും നേതാക്കളും ഇനിയും GPCC എന്ന ഈ കോൺഗ്രസ്‌ അനുഭാവ സംഘടനയിലേക്ക് കടന്നു വരുമെന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ജനറൽ സെക്രട്ടറി -സാം നന്ദിയാട്ട്, ട്രെഷറർ മുരളി പണിക്കർ, എറണാകുളം ജില്ലാ പ്രസിഡന്റ്‌ എൽദോ പള്ളിപ്പുറം, കോട്ടയം ജില്ലാ ജനറൽസെക്രട്ടറി അനൂപ് ആൻഡ്രൂസ്, എക്സിക്യൂട്ടീവ് മെമ്പറായ രഞ്ചു പി ജേക്കബ് പുതുപ്പള്ളി തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.