ദില്ലി:ഹജ്ജ് യാത്രക്കാരുമായി സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിൽ തീയും പുകയും ഉണ്ടായത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ഹജ്ജ് യാത്ര പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിവരുന്നവരായിരുന്നു വിമാനത്തിലെ യാത്രക്കാർ. ലഖ്നൗ വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്തിക്കൊണ്ടിരിക്കെ ഇടതുവശത്തെ ചക്രത്തിൽ നിന്ന് പുകയും തീയും പൊങ്ങിയതോടെ അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി. തീ വേഗം നിയന്ത്രണത്തിലാക്കിയതിനാൽ വലിയ അപകടം ഒഴിഞ്ഞു.
ജിദ്ദയിൽ നിന്ന് ഇന്നലെ രാത്രി 10:45നാണ് വിമാനം പുറപ്പെട്ടത്. ഇന്ന് രാവിലെ 6:30ന് ലഖ്നൗ വിമാനത്താവളത്തിൽ ലാൻഡിംഗ് ചെയ്യുന്ന സമയത്താണ് ഈ സംഭവം നടന്നത്. വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. പ്രാഥമിക അന്വേഷണം അനുസരിച്ച്, ഹൈഡ്രോളിക് സിസ്റ്റത്തിൽ ചോർച്ച ഉണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിൽ 250 ഹജ്ജ് യാത്രക്കാർ ഉണ്ടായിരുന്നു.