മലപ്പുറം:നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി. പരസ്യ പ്രചാരണം അവസാനിക്കാൻ കുറച്ച് മണിക്കൂറുകൾ മാത്രം ബാക്കിയുള്ള ഈ നിമിഷങ്ങളിൽ മുന്നണികൾ അവസാന വട്ട പ്രചാരണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. നാളെ വൈകുന്നേരം അഞ്ച് മണിക്ക് കൊട്ടിക്കലാശം നടക്കും. നഗരമാണ് ഇപ്പോൾ മുന്നണികളുടെ പ്രചാരണ ഫോക്കസ്.
സ്റ്റാർ ക്യാമ്പെയ്നർമാരെ ഇതിനകം മണ്ഡലത്തിലിറക്കിയ മുന്നണികൾ ആവേശം തുടരാൻ ഇന്നും തീവ്ര പ്രവർത്തനരംഗത്താണ്. ഇന്ന് യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ അവസാന പര്യടനം പൂർത്തിയാക്കും. പി.വി. അൻവർ അവസാന ലാപ്പിൽ കരുത്ത് കാട്ടാൻ തയ്യാറായിരിക്കുന്നു. ഇന്നലെ യുഡിഎഫിന് വേണ്ടി പ്രിയങ്ക ഗാന്ധിയും എൽഡിഎഫിന് വേണ്ടി മുഖ്യമന്ത്രിയും മണ്ഡലത്തിൽ വന്ന് വോട്ട് അഭ്യർത്ഥിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ റോഡ് ഷോകളും പൊതുയോഗങ്ങളും ഇന്നലെ നടന്നിരുന്നു. മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിരുന്ന മുഖ്യമന്ത്രി മൂന്ന് സ്ഥലങ്ങളിൽ നടന്ന എൽഡിഎഫ് കൺവെൻഷനുകളിൽ പങ്കെടുത്തു. യൂസഫ് പത്താനുമായുള്ള പി.വി. അൻവറിന്റെ റോഡ് ഷോ ശക്തിപ്രകടനമായി മാറി. വഴിക്കടവ് വരെ നീണ്ട റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
കൊട്ടിക്കലാശത്തിന് മുമ്പായി കനത്ത മഴയെ അവഗണിച്ച് മുന്നണികൾ തീവ്ര പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്നു. അവസാന മണിക്കൂറുകളിലെ ഈ തീവ്രത തെരഞ്ഞെടുപ്പ് മണ്ഡലത്തിന്റെ മുഖം മാറ്റിമറിക്കുന്നുണ്ട്.






























