കുവൈറ്റ് സിറ്റി: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ വിജയത്തിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഗുഡ് സര്‍വ്വീസ് എന്‍ട്രി ലഭിച്ചു. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, സെക്ഷന്‍ ഓഫീസര്‍ രമണി കെ എന്നിവര്‍ക്കാണ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ഏകോപനം നിർവഹിച്ചതിന് അംഗീകാരം. 2025 സെപ്റ്റംബര്‍ 22 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച പദ്ധതിയില്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച എന്‍റോള്‍മെന്റ് ഡ്രൈവില്‍ 136 രാജ്യങ്ങളിലെ 1,32,034 പ്രവാസികുടുംബങ്ങളിലൂടെ അഞ്ചു ലക്ഷത്തോളം പേര്‍ക്കാണ് സാമൂഹിക സുരക്ഷ ഉറപ്പാക്കാനായത്. പദ്ധതി നിലവില്‍ വന്ന് നാലു മാസത്തിനകം പതിനായിരത്തോളം പ്രവാസികേരളീയര്‍ക്കായി 88 കോടി രൂപയിലധികം ക്ലെയിമിനത്തില്‍ നല്‍കാനായി എന്നതു പദ്ധതിയുടെ വലിയ സ്വാകാര്യതയ്ക്ക് തെളിവാണ്. നോര്‍ക്ക കെയറിന്റെ വിപുലീകരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയുടെ എന്‍റോള്‍മെന്റ് ഡ്രൈവാണ് നിലവില്‍ പുരോഗമിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പൊതുഭരണ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി കൂടിയാണ് നിലവിലെ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി. 2016 ലാണ് ഡെപ്യൂട്ടേഷനില്‍ നോര്‍ക്ക റൂട്ട്സില്‍ നിയമിതനായത്. വിദേശ റിക്രൂട്ട്മെന്റ് വിഭാഗം മാനേജര്‍, ജനറല്‍ മാനേജര്‍ തസ്തികകളില്‍ പ്രവര്‍ത്തിച്ചശേഷം 2024 ഫെബ്രുവരിയിലാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലെത്തിയത്. കോവിഡ് കാലത്തും, ഉക്രൈന്‍ രക്ഷാദൗത്യ വേളയിലും, കുവൈറ്റ് തീപ്പിടത്തം, ഇസ്രായേല്‍ ഇറാന്‍ രക്ഷാദൗത്യം ഉള്‍പ്പെടെയുളള സമയത്തും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായശേഷം നോര്‍ക്ക റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ വിപുലീകരണം, നാലും, അഞ്ചും ലോക കേരള സഭകളുടെ സംഘാടന ഏകോപനം, അടിയന്തിര ഘട്ടങ്ങളിലെ ഇടപെടുകള്‍ എന്നിവയില്‍ നേതൃപരമായ പങ്കാണ് അജിത് കോളശ്ശേരി വഹിക്കുന്നത്. കോട്ടയം പാമ്പാടി സ്വദേശിയാണ്.
നോര്‍ക്ക റൂട്ട്സിലെ ഐ.ഡി കാര്‍ഡ്, ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പ്, രവി പിളള അക്കാദമിക്ക് എക്സലന്‍സ് സ്കോളര്‍ഷിപ്പ്, നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ്, പ്രവാസി സംഘങ്ങള്‍, പ്രവാസി സംഘടനകള്‍ എന്നിവയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥയാണ് രമണി കെ. സംസ്ഥാന പൊതുഭരണ വകുപ്പിലെ സെക്ഷന്‍ ഓഫീസറായ രമണി കെ 2022 ലാണ് ഡെപ്യൂട്ടേഷനില്‍ നോര്‍ക്ക റൂട്ട്സിലെത്തുന്നത്. തൃശ്ശൂര്‍ സ്വദേശിയാണ്.





























