മൂന്ന് വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം വീണ്ടും തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത

0
81

2018-ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാം വീണ്ടും തുറന്നു. മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഒരു സെക്കന്‍റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുക. ബുധനാഴ്ച്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന അറിയിപ്പിനെ തുടർന്നാണ് ഈ നടപടി.

ഡാമിലെ ജലനിരപ്പ് റെഡ് അലേർട്ട് പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവില്‍ വെള്ളം തുറന്നുവിടാന്‍ അധികൃതർ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു. പെരിയാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിർദേശം നേരത്തേ ജില്ലാ ഭരണകൂടം നല്‍കിയിരുന്നു. അതേസമയം ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതര്‍ പറഞ്ഞു. മന്ത്രിമാരും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

എന്നാൽ ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിക്കുന്നതിനും പുഴയ്ക്ക് സമീപം സെൽഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയ നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരികൾക്കും നിയന്ത്രണമുണ്ട്. ഇതുവരെ അഞ്ചുതവണ മാത്രമെ ഇടുക്കി ഡാം തുറന്നിട്ടുള്ളൂ.