ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല; തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

0
55

ചെന്നൈ: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. 13 പാക് വ്യോമത്താവളങ്ങളും ഒമ്പത് തീവ്രവാദ ക്യാമ്പുകളുമാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചുവെന്നും അജിത് ഡോവൽ വ്യക്തമാക്കി.

പാകിസ്ഥാൻ അത് ചെയ്തു ഇത് ചെയ്തുവെന്ന് പറയുന്ന വിദേശമാധ്യമങ്ങളുടെ വിശ്വാസ്യതയെയും അജിത് ഡോവൽ ചോദ്യം ചെയ്തു. പറയുന്നതുപോലെ ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് തെളിവ് കൊണ്ടുവരാനും അജിത് ഡോവൽ വെല്ലുവിളിച്ചു. ഐഐടി മദ്രാസിൽ നടന്ന ചടങ്ങിനിടെയാണ് ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെന്ന വിദേശ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ തള്ളി കളഞ്ഞുകൊണ്ട് അജിത് ഡോവൽ തുറന്നടിച്ചത്.

“പാകിസ്ഥാൻ അത് അത് ചെയ്തു ഇത് ചെയ്തുവെന്നാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നത്. പാകിസ്ഥാന്‍റെ ആക്രമണത്തിൽ ഏതെങ്കിലും ജനൽ ചില്ല് തകര്‍ന്നതിന്‍റെ ചിത്രമെങ്കിലും കാണിച്ചു തരാനാകുമോ? ഇന്ത്യക്ക് അവര്‍ കനത്ത നാശം വിതച്ചുവെന്ന് പറയുന്നതിന് തെളിവായി ഒരു ചിത്രമെങ്കിലും പുറത്തുവിടാനാകുമോ? അതെല്ലാം അവര്‍ വെറുതെ എഴുതിവിടുകയായിരുന്നു”- അജിത് ഡോവൽ പറഞ്ഞു.