ഇന്ത്യൻ ഗാർഹികതൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്ന ധാരണാപത്രം ചരിത്ര നടപടിയെന്ന് അംബാസിഡർ സിബി ജോർജ്

0
8

കുവൈത്ത് സിറ്റി: ഇന്ത്യ കുവൈത്ത്‌ നയതന്ത്ര ബന്ധത്തിൻ്റെ അറുപതാം വാർഷികാഘോഷ വേളയിലെ ഏറ്റവും സുപ്രധാന നടപടിയാണു ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ഗാർഹിക തൊഴിലാളി കരാറെന്ന് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്. ഇന്ത്യയിൽനിന്ന് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്ന നിരവധി അനുകൂല വ്യവസ്ഥകളാണ് കരാറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് എന്ന് സിബി ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും സർക്കാറുകൾ തമ്മിൽ നേരിട്ടുള്ള ധാരണപത്രം ആണ് ഇതെന്ന സവിശേഷതയുമുണ്ട്.

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിൻ്റെ ഔദ്യോഗിക സന്ദർശന വേളയിൽ ആയിരുന്നു ഇന്ത്യയും കുവൈത്തും തമ്മിൽ സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ധാരണ പത്രത്തിലെ വ്യവസ്ഥകൾ പ്രകാരം ഗാർഹിക തൊഴിലാളിക്ക് ഇനി കുവൈത്ത്‌ തൊഴിൽ നിയമത്തിന്റെ പരിരക്ഷ ലഭിക്കും.
തൊഴിലാളികളുടെ ശമ്പളം കൃത്യമായി കാലതാമസം കൂടാതെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി അതത് സ്പോൺസർമാർ തൊഴിലാളികളുടെ പേരിൽ അക്കൗണ്ടുകൾ ആരംഭിച്ച് മാസാമാസം ശമ്പളം നിക്ഷേപിക്കണം.തൊഴിലാളിക്ക്‌ പ്രത്യേക ആരോഗ്യ, അപകട ഇൻഷുറൻസ്‌ പരിരക്ഷ നൽകാൻ സ്പോൺസർ ബാധ്യസ്ഥനായിരിക്കും.എല്ലാ തൊഴിലാളികൾക്കും നിയമ സഹായം സൗജന്യമായിരിക്കും. ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഏജന്റുമാർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സ്ഥാനപതി മുന്നറിയിപ്പ് നൽകി.

തൊഴിലാളിയുടെ പാസ്പോർട്ട്‌ സ്പോൺസർ പിടിച്ചു വെക്കാൻ പാടുള്ളതല്ല. റിക്രൂട്ട്മെൻറ് ചെലവുകൾ തൊഴിലാളികളിൽ നിന്നും ചില റിക്രൂട്ട്മെൻറ് ഏജൻസികൾ ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, വിഷയത്തിൽ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്‌ ഇന്ത്യയിലെ ഇമിഗ്രേഷൻ അധികൃതർക്കും സംസ്ഥാന പോലീസ്‌ മേധാവികൾക്കും കത്തയച്ചതായും അംബാസഡർ സിബി ജോർജ് അറിയിച്ചു.

കുവൈത്തിൽ 3,43,335 ഇന്ത്യൻ ഗാർഹിക തൊഴിലാളികളാണുള്ളത്‌. ഇവരിൽ 71 ശതമാനം പുരുഷന്മാരും 29 ശതമാനം സ്ത്രീകളുമാണു. ഇന്ത്യൻ എംബസിയുടെ കീഴിൽ നിലവിൽ 2 ഷെൽട്ടറുകളാണുള്ളത്‌.നിലവിൽ ഈ ഷെൽട്ടറുകൾ ആധുനിക സൗകര്യത്തോടെയാണു പ്രവർത്തിക്കുന്നത്‌.തൊഴിലിടങ്ങളിൽ പ്രശ്നം നേരിടുന്നവർ ഷെൽട്ടറുകളിലേക്ക്‌ വരാൻ മടിച്ചു നിൽക്കേണ്ടതില്ലെന്നും സ്ഥാനപതി ഓർമ്മിപ്പിച്ചു.